ബാഴ്‌സിലോന: സ്‌പെയിനില്‍ നിന്നു സ്വാതന്ത്ര്യം നേടാനുള്ള കാറ്റലോണിയയുടെ ശ്രമം കൂടുതല്‍ സങ്കീര്‍ണമാകുന്നു. തിങ്കളാഴ്ച ചേരുന്ന കാറ്റലന്‍ പാര്‍ലമെന്റ് യോഗത്തില്‍ സ്‌പെയിന്‍ വിടാനുള്ള തീരുമാനം അംഗീകരിക്കപ്പെട്ടാല്‍ ക്രമസമാധാനപാലനത്തിനു കൂടുതല്‍ പൊലീസിനെ നിയോഗിക്കാന്‍ കാറ്റലോണിയ ഹൈക്കോടതി സ്പാനിഷ് പൊലീസിനു നിര്‍ദേശം നല്‍കി. കാറ്റലന്‍ സ്വതന്ത്ര്യപ്രക്ഷോഭ നേതാവ് കര്‍ലസ് പ്യുജിമോണ്ട് ചൊവ്വാഴ്ചയാണു പാര്‍ലമെന്റില്‍ പ്രസംഗിക്കുക. ഒത്തുതീര്‍പ്പു ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഇല്ലാത്തതിനാല്‍ തിങ്കളാഴ്ചത്തെ പാര്‍ലമെന്റ് യോഗം നിര്‍ണായകമാവും. ഹിതപരിശോധന നിയമവിരുദ്ധമെന്നു സ്‌പെയിന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പാര്‍ലമെന്റിലെ പ്രഖ്യാപനം സ്വതന്ത്ര കാറ്റലോണിയ പ്രക്രിയയ്ക്കു തുടക്കംകുറിക്കും.
ഇതേസമയം, വിഭാഗീയതയ്‌ക്കെതിരെ സ്‌പെയിനിലെങ്ങും പ്രക്ഷോഭം ശക്തിയാര്‍ജിക്കുകയാണ്. ആയിരക്കണക്കിനു തൊഴിലാളികള്‍ ബാഴ്‌സിലോനയിലും മഡ്രിഡിലും പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധം ശ്കതിയാര്‍ജിക്കുന്നത് കടുത്ത നടപടികള്‍ക്കു സ്പാനിഷ് സര്‍ക്കാരിനെ പ്രേരിപ്പിച്ചേക്കും. കാറ്റലോണിയയ്ക്കു നല്‍കിയിട്ടുള്ള സ്വയംഭരണാവകാശം എടുത്തുകളയാനും കാറ്റലന്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടു തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനും പ്രധാനമന്ത്രി മരിയാനോ രജോയ് മടിച്ചേക്കില്ല. ഇതിനിടെ, കാറ്റലോണിയയിലെ ആരന്‍ താഴ്‌വര സ്‌പെയിനില്‍ തുടരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതു കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. സ്വതന്ത്രമായി നില്‍ക്കാനും ഇവര്‍ക്കു താല്‍പര്യമുണ്ട്. സ്വന്തമായ ഭാഷയും സംസ്‌കാരവുമുള്ള മലയോരവാസികളാണിവര്‍.