റിയാദ്: കോഴിക്കോട്ടേക്ക് റിയാദില്‍ നിന്ന് പോയ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ അമ്പതോളം യാത്രക്കാരെ കയറ്റിയില്ല. ഞായറാഴ്ച പുലര്‍ച്ചെ 5.40ന് പുറപ്പെട്ട വിമാനത്തിലെ കുടുംബങ്ങളടക്കമുള്ള യാത്രക്കാരാണ് റിയാദ് വിമാനത്താവളത്തില്‍ പുറത്താക്കപ്പെട്ടത്.
ലഗേജ് ചെക്ക് ഇന്‍ ചെയ്യാന്‍ വരിയില്‍ നില്‍ക്കുമ്പാഴാണ് പോകാനാവില്ലെന്ന വിവരം അധികൃതര്‍ അറിയിച്ചത്. ജിദ്ദയില്‍ നിന്നെത്തിയ ഉംറ തീര്‍ഥാടകരുടെ ആധിക്യം മൂലം സീറ്റുകള്‍ നിറഞ്ഞതാണ് റിയാദില്‍നിന്ന് ടിക്കറ്റെടുത്ത ഇത്രയും യാത്രക്കാര്‍ ഓഫ് ലോഡാവാന്‍ കാരണമെന്നാണ് വിശദീകരണം.പെരുന്നാളിന് മുമ്പ് നാട്ടിലെത്താന്‍ വലിയ തുക കൊടുത്ത് ടിക്കറ്റെടുത്തവര്‍ ഇതോടെ പ്രതിസന്ധിയിലായി.
നാലാം തീയതി ഇതേസമയത്ത് പുറപ്പെടുന്ന വിമാനത്തിലേക്ക് ബോര്‍ഡിങ് പാസ് കിട്ടിയിട്ടുണ്ടെങ്കിലും അന്ന് പെരുന്നാളാണെങ്കില്‍ ആഘോഷത്തിന് നാട്ടില്‍ കൂടാന്‍ നിശ്ചയിച്ചവരുടെ ആഗ്രഹം വൃഥാവിലാവും.