ദമാം: താമസസ്ഥലത്ത് കുഴഞ്ഞ് വീണ് ഖതീഫിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശി വാസുദേവന്‍ (47) സുമനസ്സുകളുടെ സഹായം തേടുന്നു. പ്രമേഹവും രക്തസമ്മര്‍ദവും കൂടിയതിന്റെ ഫലമായി കുഴഞ്ഞു വീണ ഇദ്ദേഹം രണ്ടാഴ്ചയായി ഐസിയുവില്‍ അബോധാവസ്ഥയിലാണ്. ആദ്യ അഞ്ചുദിവസം വെന്റിലേറ്ററിലായിരുന്നു.
താമസിക്കുന്ന മുറിയില്‍ നിലത്തു വീണ ഇദ്ദേഹത്തെ സുഹൃത്തുക്കള്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പഴയ സ്‌പോണ്‍സര്‍ മരണപ്പെട്ടതിനാല്‍ ഒരു വര്‍ഷം മുമ്പാണ് മറ്റൊരു സ്‌പോണ്‍സറിലേക്ക് വീസ മാറിയതെങ്കിലും ഇതുവരെയും താമസ രേഖ (ഇഖാമ) ലഭിച്ചിട്ടില്ലെന്നത് ചികില്‍സാ നടപടികള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു. ഇന്‍ഷുറന്‍സ് കാര്‍ഡില്ലാത്തതും കൂടുതല്‍ വിനയാണ്.
നിയപരമായ രേഖകള്‍ ശരിയാക്കാന്‍ തന്നെ ഭീമമായ തുക വരുമെന്ന് സാമൂഹിക പ്രവര്‍ത്തകനായ ഷാഫി വെട്ടം പറഞ്ഞു. ദീര്‍ഘകാലമായി ഖതീഫില്‍ പ്ലംബറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ പുതിയ സ്പോണ്‍സറെക്കുറിച്ച് കൂടെയുള്ളവര്‍ക്കോ ബന്ധുക്കള്‍ക്കോ വിവരമില്ല. ആരോഗ്യ ഇന്‍ഷുറന്‍സില്ലാത്തതിനാല്‍ ഭീമമായ സംഖ്യയാണ് ഓരോ ദിവസവും ആശുപത്രിയില്‍ ചെലവ് വരുന്നത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനാല്‍ ചിലപ്പോള്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
മുന്‍കൂര്‍ പണമടക്കുകയോ, അടക്കാമെന്ന് ഒരാള്‍ ജാമ്യം നില്‍ക്കുകയോ ചെയ്താല്‍ മാത്രമേ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങാന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിയൂ. അത്ര ആശാവഹമല്ലാത്ത ആരോഗ്യ സ്ഥിതിയായതിനാല്‍ പെട്ടെന്ന് തീരുമാനം അറിയിക്കേണ്ടതും ഉണ്ട്. ഇതിന് വന്‍ തുക ചെലവ് വരും. സാമ്പത്തികമായി ബുന്ധിമുട്ട് അനുഭവിക്കുന്ന കുടുംബമാണ് വാസുദേവന്റേത്. നിലവില്‍ ഒരാഴ്ചത്തെ ആശുപത്രി ബില്‍ തന്നെ താങ്ങാവുന്നതിലപ്പുറമാണ്.
വിഷയത്തില്‍ ഇടപെട്ട ഖതീഫിലെ സാമൂഹ്യ പ്രവര്‍ത്തകനായ ഷാഫി വെട്ടം, ഷാജഹാന്‍ കൊടുങ്ങല്ലൂര്‍, റഈസ് കടവില്‍ എന്നിര്‍ ആശുപത്രി സന്ദര്‍ശിക്കുകയും ചികില്‍സ മുമ്പോട്ട് കൊണ്ട് പോകാനുള്ള ശ്രമം തുടരുകയും ചെയ്തിട്ടുണ്ട്. റിയാദിലുള്ള വാസുദേവന്റെ അനുജന്‍ സുരേന്ദ്രനെ വിളിച്ച് വരുത്തുകയും ഭാര്യയുമായും അടുത്ത ബന്ധുക്കളുമായും സംസാരിച്ച് തുടര്‍ നടപടികള്‍ നീക്കുന്നുണ്ട്. വിഷയം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍ പെടുത്തുകയും എംബസി ഇതിനായി ഷാഫി വെട്ടത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എത്രയും വേഗം ഇദ്ദേഹത്തിന്റെ സ്പോണ്‍സറെ കണ്ടെത്താനും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ചികില്‍സ മാറ്റാനുമാണ് തങ്ങളുടെ ശ്രമമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.
ബന്ധുക്കളുമായി നിരന്തരം ആശയം വിനിമയം നടത്തുന്നുണ്ടെന്നും ലഭ്യമായ മെഡിക്കല്‍ രേഖകള്‍ അയച്ചു നല്‍കി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഇടപെടലിനായി ശ്രമം നടക്കുന്നുണ്ടെന്നും ഷാഫി അറിയിച്ചു. ഗിരിജയാണ് ഭാര്യ. മക്കള്‍: അശ്വിന്‍, അശ്വനി. വാസുദേവനെ സഹായിക്കാന്‍ആഗ്രഹിക്കുന്നവര്‍ ഷാഫി വെട്ടത്തിന്റെ 0567112719 നമ്പറില്‍ ബന്ധപ്പെടാം.