തിരുവനന്തപുരം: ലോഅക്കാദമി ലോ കോളേജ് വീണ്ടും സമരഭൂമിയായി മാറുന്നു. അടുത്തിടെ നടന്ന കലാലയ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ചത് കെ.എസ്.യു നേതാവായ മാലിനി വേണുഗോപാലായിരുന്നു.
എന്നാല്‍ കലാലയ യൂണിയന്‍ എസ്എഫ്‌ഐക്കാണ്.
ആര്‍ട്‌സ് ഡേ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്നത് . മാലിനിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആര്‍ട്‌സ് ഡേ വേണ്ടെന്ന നിലപാടിലാണ് മാനേജ്മെന്റ്.
അക്കാദമി സമരനായികയായതിന്റെ പേരിലാണ് ആര്‍ട്‌സ് ക്ലബ് സെകട്ടറിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതെന്നും ഇതിന് യൂണിയന്‍ ഭരിക്കുന്ന എസ്എഫ്‌ഐ നേതാക്കളുടെ പിന്തുണയുണ്ടെന്നുമാണ് മാലിനി വേണുഗോപാലും കെ.എസ്.യു നേതാക്കളും ആരോപിക്കുന്നത്.
ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുടെ ആവശ്യം കണക്കിലെടുത്ത് മാര്‍ച്ച് 23, 24,25 തീയതികളില്‍ ഒരു ദിവസം പരിപാടി നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ക്കും കോളേജ് പ്രിന്‍സിപ്പലിനും ആര്‍ട്‌സ് ക്ലബ് സെക്രട്ടറി കത്തു നല്‍കി.എന്നാല്‍ പരിപാടിയൊന്നും നടത്തേണ്ടെന്നും ഇതിനായി ഒരു ദിവസം അനുവദിക്കില്ലെന്നുമാണ് മാനേജ്‌മെന്റ് നിലപാട്. ഈ നിലപാടുതന്നെയാണ് എസ്എഫ്‌ഐ ഭരിക്കുന്ന കോളേജ് യൂണിയന്റേതും.
വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന മാനേജ്‌മെന്റിന്റെ ഏകാധിപത്യ പ്രവണത അനുവദിക്കില്ലെന്നും പരിപാടി നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും കെ.എസ്.യു നേതാക്കള്‍ പറഞ്ഞു.