മസ്‌കത്ത്: ഒമാന്‍ – ഇറാന്‍ സൗഹൃദം ശക്തിപ്പെടുത്തി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദും ഇറാന്‍ വിദേശകാര്യ മന്ത്രി ഡോ. മുഹമ്മദ് ജവാദ് സരീഫും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇറാനുമായി അമേരിക്ക ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ ഒപ്പുവെച്ച ആണവകരാറിലെ വ്യവസ്ഥകളില്‍ അമേരിക്ക ഉറച്ചുനില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഹമ്മദ് ജവാദ് സഫീഫ് പറഞ്ഞു. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല ഉള്‍പ്പടെയുള്ളവര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയെ സ്വീകരിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ക്ഷണം സ്വീകരിച്ച് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൗഹാനി ഒമാനിലെത്തിയിരുന്നു. 2013ല്‍ അധികാരത്തിലേറിയ സമയത്തും റൗഹാനി ഒമാന്‍ സന്ദര്‍ശിച്ചിരുന്നു.
കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിക്കിടെ ഒമാന്‍ – ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.