തിരുവനന്തപുരം:ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിയാക്കി കേരള യൂണിവേഴ്‌സിറ്റി മുന്‍ സിണ്ടിക്കേറ്റ് അംഗം R.S.ശശികുമാര്‍ ലോകായുക്തയില്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നത് സംബന്ധിച്ച വാദത്തിന്മേലുള്ള ഉത്തരവ് ലോകായുക്തയുടെ ഫുള്‍ ബെഞ്ച് തിങ്കളാഴ്ച 2.15പിഎം ന് പ്രഖ്യാപിക്കും .2018 സെപ്റ്റംബര്‍ 17ന് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നവംബര്‍ 22 നാണ് ഫുള്‍ ബെഞ്ച് വാദം കേട്ടത് .
ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരിക്കുന്ന പരാതി നിലനില്‍ക്കുന്നതല്ലെന്നും ബഡ്ജറ്റ് അലോക്കേഷനിലുള്ള തുക സര്‍ക്കാരിന്റെ ഇഷ്ട്ടംപോലെ വിനിയോഗിക്കാമെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകനും ഡിജിപി യുമായ മഞ്ചേരി ശ്രീധരന്‍ നായര്‍ വാദിച്ചത് .എന്നാല്‍ ഈ ഫണ്ട് മുഖ്യമന്ത്രിയുടെ സ്വകാര്യ സ്വത്തല്ലാത്തതിനാല്‍ ചട്ടപ്രകാരം മാത്രമേ ഫണ്ട് വിനിയോഗിക്കാന്‍ പാടുള്ളുവെന്നും ഇതു സ്വജനപക്ഷപാതവും അധികാരദുര്വിനിയോഗവുമാണെന്നും ഹര്‍ജിക്കാരനുവേണ്ടി ഹാജരായ സീനിയര്‍ അഡ്വക്കേറ്റ് ജോര്‍ജ് പൂന്തോട്ടം വാദിച്ചു .
അന്തരിച്ച NCP നേതാവ് ഉഴവൂര്‍ വിജയനും ,മുന്‍ ചെങ്ങന്നൂര്‍ MLA രാമചന്ദ്രന്‍ നായര്‍ക്കും,കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയി മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥനും ദുരിതാശ്വാസനിധിയില്‍ നിന്നും ലക്ഷങ്ങള്‍ അപേക്ഷപോലും കൂടാതെ മന്ത്രിസഭ ഔട്ട് ഓഫ് അജണ്ടയായി നല്‍കിയതിനെ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത് .ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നത് സംബന്ധിച്ചു ലോകായുക്തയും ഉപലോകായുക്തയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടന്ന് കേസ് ഫുള്‍ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു .ലോകായുക്ത ജസ്റ്റിസ് പയസ് C.കുര്യാക്കോസ് ,ഉപലോകായുക്ത ജസ്റ്റിസ് K.P.ബാലചന്ദ്‌റന്‍ ,ജസ്റ്റിസ് A.K.ബഷിര്‍ എന്നിവരടങ്ങിയ ഫുള്‍ ബെഞ്ചാണ് തിങ്കളാഴ്ച വിധി പറയുന്നത് .