വ്യോമസേന വിമാനം തകര്‍ന്ന് കാണാതായ ഇലന്തൂരുകാരന്‍ തോമസ് ചെറിയാന്റെ മൃതദേഹം 56 വര്‍ഷത്തിന് ശേഷം കണ്ടെടുത്തു

1 second read

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും ഉണ്ട്. ഇലന്തൂര്‍ ഒടാലില്‍ ഓ.എം. തോമസിന്റെ മകന്‍ തോമസ് ചെറിയാന്‍ ആണ് മരിച്ച മലയാളി. കൊല്ലപ്പെടുമ്പോള്‍ 21 വയസായിരുന്നു തോമസിന്.

ഹിമാചല്‍ പ്രദേശിലെ രോത്താങ് പാസിലെ മഞ്ഞും മലയില്‍ നിന്നും പ്രത്യേക തെരച്ചില്‍ സംഘമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മല്‍ഖന്‍ സിങ്, ശിപായി ആയിട്ടുള്ള നാരായണ്‍ സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് തോമസ് ചെറിയാന്റെ ഭൗതിക അവശിഷ്ടങ്ങള്‍ക്കൊപ്പം ലഭിച്ചിട്ടുള്ളത്. എയര്‍ ഫോഴ്സില്‍ ക്രാഫ്റ്റസ്മാന്‍ ആയിരുന്നു തോമസ്.

1968 ഫെബ്രുവരി ഏഴിന് ചണ്ഡിഗഡില്‍ നിന്നും ലേയിലേക്ക് പോയ ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ എഎന്‍-12 വിമാനമാണ് കാണാതായത്. 102 യാത്രക്കാരാണ് ഇരട്ടഎന്‍ജിനുള്ള ടര്‍ബോ പ്രൊപ്പല്ലര്‍ ട്രാന്‍സ്പോര്‍ട്ട് എയര്‍ ക്രാഫ്ടില്‍ ഉണ്ടായിരുന്നത്. തിരംഗ മൗണ്ടന്‍ റസ്‌ക്യൂ ടീമും ഇന്ത്യന്‍ ആര്‍മിയുടെ ഡോഗ്ര സ്‌കൗട്ട്സും ചേര്‍ന്ന് നടത്തിയ സംയുക്ത തെരച്ചിലിലാണ് ഭൗതിക അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തോമസിന്റെ മരണ വിവരം ലെഫ്റ്റനന്റ് അജയ് ചൗഹാന്‍ ആറന്മുള പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. അവിടെ നിന്ന് വിവരം ഇലന്തൂരിലെ ബന്ധുക്കള്‍ക്ക് കൈമാറി.

2003 ല്‍ എ.ബി. വാജ്പേയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങില്‍ നിന്നുള്ള പര്‍വതാരോഹകരാണ് ഈ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ആദ്യമായി കണ്ടെത്തിയത്. നിരവധി ശ്രമങ്ങള്‍ക്കൊടുവിലായിരുന്നു ഇത്. 2005, 06,13,19 വര്‍ഷങ്ങളിലും ഡോഗ്ര സ്‌കൗട്ട്സ് തെരച്ചില്‍ തുടര്‍ന്നിരുന്നു. 2019 വരെ അഞ്ചു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ചന്ദ്രഭാഗ പര്‍വത പര്യവേഷക സംഘമാണ് ഇപ്പോള്‍ നാലു മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിരിക്കുന്നത്. തോമസ് ചെറിയാന്‍ കൊല്ലപ്പെടുമ്പോള്‍ പത്തനംതിട്ട ജില്ല ഉണ്ടായിരുന്നില്ല. ഇലന്തൂരും പത്തനംതിട്ടയുമടക്കം കൊല്ലം ജില്ലയിലാണ് ഉള്‍പ്പെട്ടിരുന്നത്. ആര്‍മി രേഖകളില്‍ ഇപ്പോഴും തോമസിന്റെ അഡ്രസ് കൊല്ലം ജില്ല വച്ചാണ്. ഇ.എം.എ കോര്‍പ്സിലെ സി.എഫ്.എന്‍ ആയിരിക്കുമ്പോഴാണ് തോമസ് കൊല്ലപ്പെടുന്നത്.

പത്തനംതിട്ട കാതോലിക്കേറ്റ് സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സിയും കോളേജില്‍ നിന്ന് പ്രീ യൂണിവേഴ്സിറ്റിയും പൂര്‍ത്തിയാക്കിയ തോമസ് സൈനിക സേവനത്തിന്റെ ഭാഗമായി പോകുമ്പോഴാണ് വിമാനം റഡാറുകളില്‍ നിന്ന് അപ്രത്യക്ഷമായത്. അമ്മ. ഏലിയാമ്മ. തോമസ് തോമസ്, തോമസ് വര്‍ഗീസ്, മേരി വര്‍ഗീസ്, പരേതനായ തോമസ് മാത്യു എന്നിവര്‍ സഹോദരങ്ങളാണ്. ഭൗതിക ശരീരം ഇലന്തൂരില്‍ എത്തിച്ചു സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്‌കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…