ഷിരൂര്‍: മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായി നാവികസേന ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ ലോഹഭാഗങ്ങളും കയറും കണ്ടെത്തി. കയര്‍തന്റെ ലോറിയില്‍ ഉപയോഗിച്ചിരുന്നതാണെന്നും ലോഹ ഭാഗങ്ങള്‍ തന്റെ ലോറിയുടേതല്ലെന്നും ഉടമ മനാഫ് പറഞ്ഞു. പുഴയില്‍ തടിയുടെ കഷ്ണത്തില്‍ കുരുങ്ങിയ നിലയിലായിരുന്നു കയര്‍. നേവി സംഘം കയര്‍ മുറിച്ചെടുത്ത് ലോറി ഉടമ മനാഫിനെ കാണിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ തിരച്ചിലില്‍ ലോറിയുടെ ഹൈഡ്രോളിക് ജാക്കി പുഴയില്‍നിന്ന് കണ്ടെത്തിയിരുന്നു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയും തിരച്ചിലിന് നേവിയെ സഹായിക്കുന്നുണ്ട്. കയര്‍ കണ്ടെത്തിയ ഭാഗത്താണ് ഇപ്പോള്‍ നേവി തിരച്ചില്‍ നടത്തുന്നത്. ഇന്ന് വൈകിട്ടുവരെ തിരച്ചില്‍ നടത്തും. നാളെ തിരച്ചിലുണ്ടാകില്ല.
അര്‍ജുനു പുറമെ കര്‍ണാടക സ്വദേശികളായ ജഗന്നാഥ്, ലോകേഷ് എന്നിവരെയും കണ്ടെത്താനുണ്ട്. അതേസമയം തിരച്ചില്‍ നടക്കുന്നിടത്തു മാധ്യമങ്ങളെ പൊലീസ് വിലക്കി. പ്രദേശത്തുനിന്നും മാധ്യമപ്രവര്‍ത്തകരെ പൊലീസ് നീക്കി ബാരിക്കേടുകള്‍ സ്ഥാപിച്ചു. സുരക്ഷ കണക്കിലെടുത്താണു നിയന്ത്രണം എര്‍പ്പെടുത്തിയിരിക്കുന്നതെന്നാണു വിശദീകരണം. ഞങ്ങള്‍ക്കു ഞങ്ങളുടെ പണിയുണ്ടെന്നായിരുന്നു മാധ്യമങ്ങളെ തടയവേ എസ്പി പറഞ്ഞത്. അര്‍ജുന്റെ ബന്ധു ജിതിനെയും പ്രദേശത്തു നിന്നും മാറ്റി. മാറി നില്‍ക്കാനാണു പറഞ്ഞത്. അര്‍ജുന്റെ ബന്ധുവാണെന്നു അറിയാതെയാണോ നടപടിയെന്നു സംശയിക്കുന്നെന്നും ജിതിന്‍ പറഞ്ഞു.