കൊല്ലത്ത് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് അദ്ധ്യാപകരുടെ കണക്കറ്റ ശാസന

0 second read

കൊല്ലം: കൊല്ലത്ത് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് അദ്ധ്യാപകരുടെ കണക്കറ്റ ശാസനയും കൂട്ടുകാര്‍ക്കു മുന്നില്‍ അപമാനിക്കപ്പെട്ടതിന്റെ വിഷമം കാരണമെന്ന് റിപ്പോര്‍ട്ട്. ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ഒന്നാംവര്‍ഷ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി ഇരവിപുരം കൂട്ടിക്കട ശ്രീരാഗത്തില്‍ രാധാകൃഷ്ണന്റെ മകള്‍ രാഖികൃഷ്ണ(19)യാണ് ഇന്നലെ കേരളാ എക്‌സ്പ്രസിന് മുന്നില്‍ ചാടി മരിച്ചത്.

ചുരിദാറിലെ എഴുത്ത് കോപ്പിയടിയായി തെറ്റിദ്ധരിച്ച അദ്ധ്യാപിക രാഖിയെ കണക്കറ്റ് ശാസിക്കുകയും പരീക്ഷാ ഹാളില്‍ നിന്നും പുറത്താക്കി സ്‌ക്വാഡിന് മുന്നിലെത്തിക്കുകയും ആയിരുന്നു. ഇതോടെയാണ് രാഖി കോളേജില്‍ നിന്നും ഇറങ്ങി ഓടിയതും ഒന്നര കിലോമീറ്റര്‍ അകലെ മാറി എആര്‍ ക്യാമ്ബിന് സമീപമെത്തി ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടിയതും. ബുധനാഴ്ച ഉച്ചയ്ക്ക് 12.45-നാണ് സംഭവം. അദ്ധ്യാപകരുടെ മാനസികപീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരെ ഉപരോധിക്കുകയും കോളേജ് ഗേറ്റ് പൂട്ടിയിടുകയും ചെയ്തു.

അദ്ധ്യാപകരുടെ അതിരു കടന്ന ശകാരവും പരീക്ഷയില്‍ നിന്ന് അയോഗ്യയാക്കുമെന്ന ഭീതിയുമാണ് രാഖി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും ചുരിദാറിലെ പേനകൊണ്ടുള്ള എഴുത്ത് ഇന്നലത്തെ പരീക്ഷയുമായി ബന്ധമുള്ളതല്ലെന്നും സഹപാഠികള്‍ പറഞ്ഞു. ഇതിന് പിന്നാലെ കുട്ടികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തുക ആയിരുന്നു. കോളേജ് അധികൃതരുടെ വീഴ്ചയും നിര്‍ദ്ദയമായ പെരുമാറ്റവുമാണ് രാഖിയുടെ മരണത്തിന് കാരണമെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരെ മണിക്കൂറുകളോളം തടഞ്ഞുവച്ചു.

കോളേജ് ഗേറ്റ് പുറത്തുനിന്ന് പൂട്ടിയായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. വിവരം അറിഞ്ഞ് വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറായില്ല.കൊല്ലം ഫാത്തിമാ മാതാ കോളേജിലെ ബി.എ. ഒന്നാം സെമസ്റ്റര്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പരീക്ഷയായിരുന്നു ബുധനാഴ്ച. പരീക്ഷ തുടങ്ങിയശേഷം, രാഖികൃഷ്ണയുടെ ചുരിദാറില്‍ എന്തോ എഴുതിയിരിക്കുന്നത് ക്ലാസില്‍നിന്ന അദ്ധ്യാപികയുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ രാഖിയെ എഴുന്നേല്‍പ്പിച്ചുനിര്‍ത്തി ഏറെനേരം ശാസിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അദ്ധ്യാപിക കോളേജ് പരീക്ഷാ സ്‌ക്വാഡിനെ വിളിച്ചുവരുത്തി ചുരിദാറില്‍ എഴുതിയഭാഗം ഫോട്ടോയെടുക്കുകയും രാഖിയെ സ്‌ക്വാഡിനൊപ്പം സ്റ്റാഫ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സ്റ്റാഫ് റൂമിലെത്തിച്ചശേഷം കോളേജില്‍നിന്ന് രാഖിയുടെ വീട്ടിലേക്കുവിളിച്ച് രക്ഷിതാക്കള്‍ ഉടന്‍ എത്തണമെന്ന് ആവശ്യപ്പെട്ടു. കുറച്ചുനേരം സ്റ്റാഫ് റൂമിലിരുന്ന രാഖി അവിടെനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. അധികൃതര്‍ കോളേജില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.ഇതോടെ കോളേജ് അധികൃതര്‍ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസും കോളേജ് അധികൃതരും അന്വേഷണം നടത്തുന്നതിനിടെയാണ് ട്രെയിന്‍ തട്ടി മരിച്ച വിവരം അറിഞ്ഞത്.

തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കുവന്ന കേരള എക്‌സ്പ്രസിന് മുന്നിലാണ് വിദ്യാര്‍ത്ഥിനി ചാടിയത്. കോളേജില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ അകലെയുള്ള എ.ആര്‍.ക്യാമ്ബിന് മുന്നിലെ ട്രാക്കിലായിരുന്നു അപകടം. രാഖിയുടെ ചുരിദാറില്‍ എഴുതിയിരുന്നത് ബുധനാഴ്ചത്തെ പരീക്ഷയുമായി ബന്ധമില്ലാത്തതാണെന്ന് സഹപാഠികള്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര അന്വേഷണക്കമ്മിഷനെ നിയോഗിക്കുമെന്ന് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷെല്ലി അറിയിച്ചു. സംഭവത്തില്‍ അദ്ധ്യാപകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഖിയുടെ മരണത്തില്‍ യുവജന കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. മൃതദേഹം ഇന്നലെ രാത്രിയോടെ പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ശ്രീജാത. സഹോദരന്‍: രാഹുല്‍ കൃഷ്ണ

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…