ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍

1 second read

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. ആദ്യഘട്ടം ഏപ്രില്‍ 19നാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 26നാണ് കേരളത്തില്‍ വോട്ടെടുപ്പ്. ജൂണ്‍ നാലിന് ഫലം പ്രഖ്യാപിക്കും.

ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളില്‍ മേയ് 13നും അരുണാചല്‍പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 19നുമാണ് വോട്ടെടുപ്പ്. ജൂണ്‍ 4ന് ഫലം പ്രഖ്യാപിക്കും. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലായി 26 നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പും നടക്കും.ഡല്‍ഹി വിജ്ഞാന്‍ ഭവനിലെ വാര്‍ത്താസമ്മളനത്തില്‍ മുഖ്യ കമ്മിഷണര്‍ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്. കമ്മിഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവരും പങ്കെടുക്കുന്നുണ്ട്.

രാജ്യത്തിന് യഥാര്‍ഥ ഉത്സവവും ജനാധിപത്യവുമായ അന്തരീക്ഷം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. ആകെ 96.8 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 49.7 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളും 48,000 ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടുന്നു. 1.8 കോടി കന്നി വോട്ടര്‍മാരും 20-29 വയസ്സിനിടയിലുള്ള 19.47 കോടി വോട്ടര്‍മാരും ഉണ്ട്. 12 സംസ്ഥാനങ്ങളില്‍ പുരുഷ വോട്ടര്‍മാരേക്കാള്‍ സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. 85 വയസ്സിനു മുകളില്‍ പ്രായമുള്ള 82 ലക്ഷം വോട്ടര്‍മാരും നൂറു വയസ്സിനു മുകളിലുള്ള 2.18 ലക്ഷം വോട്ടര്‍മാരുമുണ്ട്. 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും 55 ലക്ഷം ഇവിഎമ്മുകളും 4 ലക്ഷം വാഹനങ്ങളുമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. 85 വയസ്സിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്കും വീട്ടിലിരുന്ന് വോട്ടു ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.

നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂണ്‍ 16ന് അവസാനിക്കും. അതിനുമുന്‍പ് പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കണം. 2019 ല്‍ മാര്‍ച്ച് പത്തിനാണു തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നത്. ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെ 7 ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മേയ് 23നു ഫലം പ്രഖ്യാപിച്ചു. മൂന്നാം ഘട്ടമായ ഏപ്രില്‍ 23നായിരുന്നു കേരളത്തിലെ വോട്ടെടുപ്പ്.

2019ല്‍, ആകെയുള്ള 543 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 303 സീറ്റുകളും നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് ബിജെപി അധികാരത്തിലേറിയത്. 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കോണ്‍ഗ്രസിന് നേടാനായത് 52 സീറ്റുകള്‍ മാത്രം. ഇത്തവണ 400 സീറ്റിലധികം നേടുമെന്ന പ്രഖ്യാപനത്തോടെയാണ് എന്‍ഡിഎ തിരഞ്ഞെടുപ്പ് പോരിനിറങ്ങിയിരിക്കുന്നത്. പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’ പരമാവധി സീറ്റുകള്‍ നേടി ബിജെപിയുടെ പടയോട്ടം അവസാനിപ്പിക്കുമെന്ന് അവകാശപ്പെടുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…