അടൂര്‍: എം.സി.റോഡില്‍ നടന്ന അപകടത്തില്‍ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു. അടൂര്‍ പന്നിവിഴ ഗിരീഷ് ഭവനത്തില്‍ ഉണ്ണികൃഷ്ണന്റേയും സുനിതയുടേയും മകന്‍ കെ.യു.കാര്‍ത്തിക്( നന്ദു18) ആണ് മരിച്ചത്. കൈതപ്പറമ്പ് കെ.വി.വി.എസിലെ ബിരുദ വിദ്യാര്‍ഥിയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30-ന് അടൂര്‍ നെല്ലിമൂട്ടില്‍പ്പടിയില്‍ വച്ചാണ് ബൈക്ക് മറിഞ്ഞ നിലയില്‍ റോഡരികില്‍ ഗുരുതര പരിക്കേറ്റ് കിടക്കുകയായിരുന്ന കാര്‍ത്തിക്കിനെ ഒരു ഇരുചക്രവാഹന യാത്രികന്‍ കണ്ടത്.
ഉടന്‍ തന്നെ അപകടവിവരം അടൂര്‍ പോലീസില്‍ വിവരം അറിയിച്ച ശേഷം യാത്രക്കാരന്‍ തന്നെ അതു വഴി വന്ന ഒരു വാഹനത്തില്‍ കാര്‍ത്തിക്കിനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് സംഭവ സ്ഥലത്തു നടന്ന പരിശോധനയില്‍ ഒട്ടോറിക്ഷയുടെ ചില ഭാഗങ്ങള്‍ കണ്ടെത്തിയതായി പോലീസ് പറയുന്നു. ഒരു പക്ഷെ ഈ ഒട്ടോറിക്ഷ ബെക്കില്‍ തട്ടിയതാകാം അപകടകാരണമെന്നാണ് പോലീസ് നിലവില്‍ കരുതുന്നത്. ഈ ഓട്ടോറിക്ഷ കണ്ടെത്താനായിട്ടുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.