ടെല്‍ അവീവ് : ഒക്ടോബര്‍ ഏഴിനു നടന്ന ഹമാസ് ആക്രമണത്തിനു പിന്നാലെ ജോലിയില്‍നിന്നു പിരിച്ചുവിട്ട പലസ്തീന്‍കാര്‍ക്കു പകരം ഒരു ലക്ഷത്തോളം ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാന്‍ ഇസ്രയേല്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ജോലിയില്‍നിന്ന് പറഞ്ഞയച്ച 90,000ലധികം പലസ്തീന്‍കാര്‍ക്കു പകരമായി ഇന്ത്യയില്‍നിന്നുള്ളവരെ ജോലിക്കായി റിക്രൂട്ട് ചെയ്യാന്‍ അനുമതി തേടി നിര്‍മാണ മേഖലയിലെ കമ്പനികള്‍ ഇസ്രയേല്‍ സര്‍ക്കാരിനെ സമീപിച്ചതായാണ് വിവരം.
കമ്പനികള്‍ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. പലസ്തീനിയന്‍ ജോലിക്കാരെ പിരിച്ചുവിട്ടത് ഇസ്രയേലിലെ നിര്‍മാണ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇസ്രയേല്‍ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രതിനിധിയെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമമാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.
നിര്‍മാണ മേഖലയിലേക്കും നഴ്‌സിങ് രംഗത്തേക്കും ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ നേരത്തെ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു. നിലവില്‍ ഇസ്രയേലില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ വലിയൊരു വിഭാഗവും ഇന്ത്യക്കാരാണ്.
അതേസമയം ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1400ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. ഇതിനു തിരിച്ചടിയായി ഹമാസിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയ ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടരുകയാണ്. പതിനായിരത്തിലേറെപ്പേര്‍ക്കാണ് ഇതിനകം ഗാസയില്‍ ജീവന്‍ നഷ്ടപ്പെട്ടത്.