അഹമ്മദാബാദ്: പാക്കിസ്ഥാന്‍ ഫാസ്റ്റ് ബോളര്‍ ഹാരിസ് റൗഫിന്റെ പന്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 90 മീറ്റര്‍ ദൈര്‍ഘ്യമുള്ള സിക്സര്‍ പറത്തിവിട്ടപ്പോള്‍ അംപയര്‍ ഇറാസ്മസിനു സംശയം. ഇത്രയും കൂറ്റന്‍ സിക്സറുകള്‍ എങ്ങനെ അടിക്കുന്നു ബാറ്റില്‍ വല്ല രഹസ്യവുമുണ്ടോ? അതിനു മറുപടിയായി തന്റെ കയ്യിലെ മസില്‍ കാട്ടി ഇതാണ് രഹസ്യമെന്നു രോഹിത് തമാശയായി അംപയറോട് ആംഗ്യം കാണിച്ചു.
ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തിനു ശേഷം ബിസിസിഐ പുറത്തുവിട്ട വിഡിയോയില്‍ രോഹിത് ഹാര്‍ദിക് പാണ്ഡ്യയോടു പറഞ്ഞതാണ് ഇക്കാര്യം. പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ മുന്നില്‍നിന്നു നയിച്ചത് രോഹിത് ശര്‍മയായിരുന്നു. ആറു വീതം സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തിയ രോഹിത് ശര്‍മ 63 പന്തില്‍ 86 റണ്‍സാണു നേടിയത്. ഏഴു വിക്കറ്റ് വിജയമാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 30.3 ഓവറില്‍ ഇന്ത്യ വിജയത്തിലെത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ചറിയാണ് അനായാസ വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചത്. 63 പന്തുകള്‍ നേരിട്ട രോഹിത് ശര്‍മ 86 റണ്‍സെടുത്തു.