
ദുബായ്: മംഗളൂരുവില്‍ നിന്ന് ദുബായിലേയ്ക്ക് ഇന്നലെ (വ്യാഴം) രാത്രി 11.05ന് പറക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഐഎക്‌സ് 814 വിമാനം മൂന്ന് മണിക്കൂറോളം യാത്രക്കാരെ ദുരിതത്തിലാക്കിയ ശേഷം പുറപ്പെട്ടത് ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 1.45ന്. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ക്ക് ഇത്രയും സമയം വിമാനത്തിനകത്ത് കാത്തിരിക്കേണ്ടി വന്നു. യാത്രക്കാരുടെ ദുരിതാവസ്ഥ വിമാന കമ്പനി ജീവനക്കാരോ അധികൃതരോ പരിഗണിച്ചതേയില്ലെന്ന് പരാതിയും വ്യാപകമായി.
കണ്ണൂര്‍, കാസര്‍കോട് സ്വദേശികളടക്കമുള്ള യാത്രക്കാര്‍ക്കാണ് മണിക്കൂറുകള്‍ വിമാനത്തിനകത്ത് ചൂടു സഹിച്ച് കഴിയേണ്ടി വന്നത്. നാല് മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി വിമാനത്തിനകത്ത് കയറ്റിയ ശേഷമാണ് സാങ്കേതിക തകരാര്‍ മൂലം വിമാനം വൈകുമെന്ന് അറിയിച്ചത്. വിശന്നുവലഞ്ഞ കുട്ടികള്‍ മണിക്കൂറോളം നിര്‍ത്താതെ കരഞ്ഞ ശേഷം പലരും ക്ഷീണിച്ച് ഉറങ്ങുകയായിരുന്നു. യാത്രക്കാരെ പുറത്തിറക്കി വിടാനോ അവര്‍ക്ക് ഭക്ഷണമോ മറ്റു സൗകര്യങ്ങളോ നല്‍കാനോ അധികൃതര്‍ തയാറായില്ല. ഒടുവില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.45നായിരുന്നു വിമാനം പറന്നത്. അധികൃതരുടെ ഭാഗത്ത് നിന്ന് യാത്രക്കാര്‍ക്ക് യാതൊരു സഹായ സഹകരണവും ലഭിച്ചില്ലെന്ന് യാത്രക്കാരിലൊരാളുടെ ബന്ധു കാസര്‍കോട് സ്വദേശി ഫഹദ് സാലിഹ് പറഞ്ഞു.