കപ്പലില്‍ ദുബായില്‍ നിന്ന് കേരളത്തില്‍ എത്താന്‍ 10000 രൂപ, 3 ദിവസം, 200 കിലോ ലഗേജ്, കിടിലന്‍ ഭക്ഷണം

2 second read

ദുബായ്: പതിനായിരം രൂപയ്ക്ക് വണ്‍വേ ടിക്കറ്റ്, 200 കിലോ ലഗേജ്, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികള്‍, മൂന്നു ദിവസം കൊണ്ട് നാടുപിടിക്കാം… ദുബായില്‍ നിന്ന് കൊച്ചിയിലേക്കൂം ബേപ്പൂരിലേക്കൂം ഉള്ള യാത്രാ കപ്പല്‍ സര്‍വീസ് യാഥാര്‍ഥ്യമായാല്‍ പ്രവാസികള്‍ക്ക് കോളടിക്കും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഡിസംബറില്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കും. ആദ്യം പരീക്ഷണ സര്‍വീസാണ് നടത്തുക. ഇത് വിജയിച്ചാല്‍ മാസത്തില്‍ രണ്ട് ട്രിപ്പുകള്‍ നടത്താനാണ് പദ്ധതിയെന്ന് ഇതിന് നേതൃത്വം നല്‍കുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ. എ. റഹീം പറഞ്ഞു.

ബേപ്പൂര്‍-കൊച്ചി തുറമുഖങ്ങള്‍ മുതല്‍ ദുബായിലെ മിന അല്‍ റാഷിദ് തുറമുഖം വരെയുള്ള പാസഞ്ചര്‍ ക്രൂയിസ് കപ്പല്‍ പ്രവര്‍ത്തനങ്ങളുടെ സാധ്യതാപഠനം നടത്താനുള്ള അഭ്യര്‍ഥന മുഖ്യമന്ത്രി പിണറായി വിജയന് മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സി. ഇ.ചാക്കുണ്ണി സമര്‍പ്പിച്ചിരുന്നു. കൂടാതെ, മന്ത്രി വി.മുരളീധരന്‍ മുഖേന കേന്ദ്രത്തിനും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്രം കനിഞ്ഞാലാണ് ഡിസംബറിലെ പരീക്ഷണയോട്ടം നടത്തുക.

എല്ലാ സൗകര്യങ്ങളുമുള്ള കപ്പലായിരിക്കും യാത്രാ സര്‍വീസിന് ഉപയോഗിക്കുക. മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കൊച്ചിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കപ്പലാണ് ദുബായ്‌കേരള സര്‍വീസിന് കണ്ടുവച്ചിട്ടുള്ളത്. ഒരു ട്രിപ്പില്‍ 1250 പേര്‍ക്ക് വരെ യാത്ര ചെയ്യാം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഓരോ സീസണിലും ഭീമമായി ഉയരുന്നത് പ്രവാസി മലയാളികള്‍ക്ക് പലപ്പോഴും തിരിച്ചടിയാകുന്നുണ്ട്. വിമാന നിരക്ക് താങ്ങാനാകാത്തതിനാല്‍ നിരവധി പേര്‍ വേനലവധിക്ക് നാട്ടിലേക്ക് പോയില്ല. തങ്ങള്‍ കഠിനാധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണത്തിന്റെ വലിയൊരു പങ്ക് വിമാന ടിക്കറ്റിനായി ചെലവിടാന്‍ ഇവര്‍ക്ക് കഴിയാത്തതാണ് കാരണം. കപ്പല്‍ സര്‍വീസ് ഇതിനൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഹിം പറഞ്ഞു. കാര്‍ഗോ കമ്പനികളുമായി ചേര്‍ന്നാണ് സര്‍വീസ് ഏര്‍പ്പെടുത്തുക എന്നതിനാലാണ് ടിക്കറ്റ് 10,000 രൂപയ്ക്ക് നല്‍കാന്‍ സാധിക്കുന്നത്.

അതേസമയം, ഈ ആവേശകരമായ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ, ആനന്ദപുരം ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെ വിവിധ പങ്കാളികളുമായി മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ ചര്‍ച്ചകള്‍ നടത്തിവരുന്നു. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയും ആനന്ദപുരം ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കാനുള്ള തീരുമാനത്തിലെത്തിച്ചേര്‍ന്നിട്ടുണ്ട്. ആറ് മാസത്തെ പാസഞ്ചര്‍ കപ്പല്‍ ചാര്‍ട്ടര്‍ ചെയ്തുകൊണ്ട് പാസഞ്ചര്‍ ക്രൂയിസ് കപ്പല്‍ പ്രവര്‍ത്തനം ആരംഭിക്കുക എന്നതാണ് ഈ കണ്‍സോര്‍ഷ്യത്തിന്റെ കാഴ്ചപ്പാട്.

പ്രവാസികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിനായി മലബാറില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍ സര്‍വീസ് നടത്തുമെന്ന് ഈ വര്‍ഷം ജൂണില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കിയിരുന്നു. ഇതിനായുള്ള പ്രാരംഭ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചതായും അന്ന് അദ്ദേഹം വ്യക്തമാക്കി. നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കുന്നതിനായി മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സിലും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ഉന്നതതലയോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ പിന്നീട് ഇതുസംബന്ധമായി യാതൊരു വാര്‍ത്തകളും കേട്ടില്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചെങ്കിലും അതിന് ദീര്‍ഘായുസ്സുണ്ടായിരുന്നില്ല. പുതിയ കപ്പല്‍ സര്‍വീസിനെ പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. സര്‍വീസ് യാഥാര്‍ഥ്യമായാല്‍ വിമാന കമ്പനികളുടെ കൊള്ളയടിക്കലില്‍ നിന്ന് രക്ഷപ്പെടാനാകും. കൂടാതെ, ജീവിതത്തില്‍ ഒരു കപ്പല്‍ യാത്ര നടത്തുക എന്ന പലരുടെയും സ്വപ്നം പൂവണിയുകയും ചെയ്യും.

 

 

Load More Related Articles

Check Also

Optimole Review – I Actually Tried It. Here’s What It Did to My Images

Images can quietly wreck your site. They generally slow pages down, eat bandwidth, and fru…