തൊടുപുഴ: മോഷ്ടിച്ചുകൊണ്ടുപോയ സ്‌കൂട്ടറില്‍ ഹെല്‍മെറ്റില്ലാതെ യുവാവിന്റെ പിന്‍സീറ്റ് യാത്ര. ട്രാഫിക് നിയമലംഘനം വിവിധ ജില്ലകളിലെ എ.ഐ.ക്യാമറകളില്‍ പതിഞ്ഞതോടെ സ്‌കൂട്ടറിന്റെ ഉടമയ്ക്ക് പിഴയടയ്ക്കാന്‍ നോട്ടീസ്.
ഓഗസ്റ്റ് അഞ്ചിനാണ്, സെക്യൂരിറ്റി ജീവനക്കാരനായ കോട്ടയം സ്വദേശി ജോസ് കുരുവിളയുടെ സ്‌കൂട്ടറും മൊബൈല്‍ ഫോണും വെങ്ങല്ലൂര്‍ ഷാപ്പുംപടിയിലെ വാടകവീട്ടില്‍നിന്ന് കവര്‍ന്നത്. ജോസ് ജോലിചെയ്യുന്ന സെക്യൂരിറ്റി ഏജന്‍സിയിലുള്ള പത്തനംതിട്ട പ്രമാടം ഗോകുലത്ത് ശരത്ത് എസ്. നായര്‍ (35), പെരിങ്ങര കിഴക്കേതില്‍ കെ.അജീഷ് (37) എന്നിവരാണ് സ്‌കൂട്ടര്‍ മോഷ്ടിച്ചത്.
തൊടുപുഴ പോലീസ് ഓഗസ്റ്റ് ആറിന് പ്രതികളെ ഓച്ചിറയില്‍നിന്ന് പിടികൂടി. സ്‌കൂട്ടറും കണ്ടെടുത്തു. ഇതിനുപിന്നാലെയാണ്, നിയമലംഘനത്തിന് പിഴയടയ്ക്കണമെന്നുകാട്ടി ജോസിന് നോട്ടീസുകള്‍ ലഭിച്ചത്. സ്‌കൂട്ടര്‍ മോഷണംപോയതാണെന്ന് അറിയിച്ചപ്പോള്‍, പിഴ ഒഴിവാക്കാന്‍ അതത് മോട്ടോര്‍വാഹന വകുപ്പ് ഓഫീസുകളില്‍ കേസിന്റെ എഫ്.ഐ.ആര്‍.പകര്‍പ്പ് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുകയാണെന്ന് ജോസ് പറഞ്ഞു.