ആലപ്പുഴ : മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം (96) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി നടക്കും.കോട്ടയം മാങ്ങാനം ചെമ്പകനല്ലൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും രുക്മിണിദേവി അന്തര്‍ജനത്തിന്റെയും മകളായ ഉമാദേവി അന്തര്‍ജനം കൊല്ലവര്‍ഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്.
1949ല്‍ മണ്ണാറശാല ഇല്ലത്തെ എം.ജി നാരായണന്‍ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല കുടുംബാംഗമായത്. മണ്ണാറശാല വലിയമ്മയായിരുന്ന സാവിത്രി അന്തര്‍ജനം 1993 ഒക്ടോബര്‍ 24ന് സമാധിയായപ്പോഴാണ് ഉമാദേവി അന്തര്‍ജനം മണ്ണാറശാല അമ്മയായി ചുമതലയേറ്റത്. 1995 മാര്‍ച്ച് 22ന് ക്ഷേത്രത്തില്‍ പൂജ തുടങ്ങി.
മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങള്‍ നടത്തുന്ന അന്തര്‍ജനങ്ങളാണ് ‘മണ്ണാറശാല അമ്മ’ എന്ന പേരില്‍ അറിയപ്പെടുന്നത്. പൂജാരിണിയായ ഈ അന്തര്‍ജനത്തെ ‘വലിയമ്മ’ എന്നാണ് വിളിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം അമ്മയാണ് നടത്തുന്നത്. ഇല്ലത്ത് വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിര്‍ന്ന അംഗമാണ് മണ്ണാറശാല അമ്മയായി സ്ഥാനമേല്‍ക്കുന്നത്.