ഷാഹ്‌ദോല്‍: യാതൊരു ഉറപ്പുമില്ലാത്ത സഖ്യമാണ് പ്രതിപക്ഷ പാര്‍ട്ടികളുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശില്‍ പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് പ്രതിപക്ഷ സഖ്യത്തെ മോദി കടന്നാക്രമിച്ചത്. മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മോദിയുടെ വിമര്‍ശനം
”കോണ്‍ഗ്രസ് ഉറപ്പു നല്‍കുന്നു എന്നുപറയുമ്പോള്‍ അതില്‍ എന്തോ കുഴപ്പമുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഇവര്‍ പരസ്പരം പോരടിച്ചിരുന്നവരാണ്. സമൂഹമാധ്യമങ്ങളിലെല്ലാം ഇവരുടെ പഴയ പ്രസ്താവനകള്‍ ഇപ്പോഴും ലഭ്യമാണ്. പ്രതിപക്ഷ ഐക്യത്തിന് യാതൊരു ഉറപ്പുമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരം പാര്‍ട്ടികള്‍ക്ക് കുടുംബ താല്‍പര്യം മുന്‍നിര്‍ത്തി മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ.
കുറ്റാരോപിതര്‍ ജാമ്യം കിട്ടിയതിനെത്തുടര്‍ന്ന് ഇപ്പോള്‍ പുറത്താണ്. രാജ്യദ്രോഹപരമായ ലക്ഷ്യങ്ങളോടെ അവര്‍ യോഗങ്ങള്‍ സംഘടിപ്പിക്കുകയാണ്. തെറ്റായ ഉറപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണം. സ്വന്തം കാര്യത്തില്‍ പോലും ഉറപ്പില്ലാത്തവരാണ് പുതിയ പദ്ധതികളുമായി രംഗത്തെത്തുന്നത്. കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികള്‍ നല്‍കുന്ന ഉറപ്പ് ദുരുദ്ദേശപരവും പാവപ്പെട്ടവര്‍ക്ക് എതിരുമാണ്”- മോദി പറഞ്ഞു.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷപാര്‍ട്ടികള്‍ യോഗം ചേര്‍ന്നതുമായി ബന്ധപ്പെട്ടാണ് മോദിയുടെ പരാമര്‍ശം. ജൂണ്‍ 23ന് പട്‌നയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ 15 പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നിരുന്നു. ജൂലൈ 13ന് ബെംഗളൂരുവില്‍ വീണ്ടും യോഗം ചേരും.