ലുധിയാന: ബോളിവുഡ്, പഞ്ചാബി സിനിമകളിലൂടെ പ്രശസ്തനായ നടന്‍ മംഗള്‍ ധില്ലന്‍ അന്തരിച്ചു. അര്‍ബുദ ബാധിതനായ അദ്ദേഹം ലുധിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടന്‍ യശ്പാല്‍ ശര്‍മയാണ് വിയോഗവാര്‍ത്ത സ്ഥിരീകരിച്ചത്.
നിര്‍മാതാവും സംവിധായകനും എഴുത്തുകാരനുമായിരുന്നു മംഗള്‍ ധില്ലന്‍. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ഹിന്ദി സീരിയലുകളായ ജുനൂന്‍, ബുനിയാദ് തുടങ്ങിയവയിലെ പ്രകടനമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. നിരവധി പഞ്ചാബി സിനിമകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം അവിടെയും വ്യക്തിമുദ്ര പതിപ്പിച്ചു.
ഖൂന്‍ ഭാരി മാങ്, ദയവാന്‍, സഖ്മി ഔരത്ത്, വിശ്വാത്മ, പ്യാര്‍ കാ ദേവത, അംബ, തൂഫാന്‍ സിങ്, ദലാല്‍ തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. കഥാ സാഗര്‍, കിസ്മത്ത്, ഗുട്ടാന്‍, റിഷ്ത, പരം വീര്‍ചക്ര തുടങ്ങിയ പ്രശസ്ത ടിവി സീരിയലുകളിലും അഭിനയിച്ചു.