മുംബൈ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി റെയില്‍വേ മന്ത്രാലയം രംഗത്ത്. ബാലസോറിലുണ്ടായ അപകടത്തില്‍ മൂന്നു ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി. അപകടത്തില്‍പ്പെട്ടത് കൊറമാണ്ഡല്‍ എക്‌സ്പ്രസ് മാത്രമാണെന്നും റെയില്‍വേ ബോര്‍ഡ് അംഗം ജയ വര്‍മ സിന്‍ഹ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ബഹനഗ ബസാര്‍ സ്റ്റേഷനില്‍ എങ്ങനെയാണ് ട്രെയിന്‍ അപകടം സംഭവിച്ചത് എന്നതിനെക്കുറിച്ചും അവര്‍ വിശദീകരണം നല്‍കി.
”അപകടം സംഭവിച്ച സ്റ്റേഷനില്‍ ആകെ നാല് ട്രാക്കുകളാണുള്ളത്. അതില്‍ രണ്ടെണ്ണം നേരെയുള്ള പ്രധാന ലൈനുകളാണ്. ഈ ട്രാക്കുകളില്‍ ട്രെയിനുകള്‍ നിര്‍ത്താറില്ല. ശേഷിക്കുന്ന രണ്ടു ലൈനുകള്‍ ലൂപ് ലൈനുകളാണ്. ഈ സ്റ്റേഷനില്‍ ട്രെയിനുകള്‍ നിര്‍ത്തേണ്ടി വന്നാല്‍ ലൂപ് ലൈനുകളാണ് അതിനായി തിരഞ്ഞെടുക്കുക. അപകടം നടക്കുന്ന സമയത്ത് ഇരു ദിശകളിലേക്കുമായി രണ്ട് മെയില്‍ എക്‌സ്പ്രസ് ട്രെയിനുകളാണ് സ്റ്റേഷനിലൂടെ കടന്നുപോയിരുന്നത്.’ – ജയ വര്‍മ വിശദീകരിച്ചു.