തിരുവനന്തപുരം : വന്ദേഭാരത് ട്രെയിന്‍ ലക്ഷ്യം വയ്ക്കുന്നതു നിലവിലുള്ള ട്രെയിനുകളിലെ എസി യാത്രക്കാര്‍ക്കു പുറമേ തിരുവനന്തപുരം – കൊച്ചി – കണ്ണൂര്‍ സെക്ടറിലെ വിമാനം, കാര്‍ യാത്രക്കാരെയും. കൊച്ചി വിമാനത്താവളം ഉപയോഗിക്കുന്ന ഒട്ടേറെപ്പേര്‍ തിരുവനന്തപുരത്തും നിന്നും മലബാറില്‍ നിന്നും ദീര്‍ഘദൂര ട്രെയിനുകളില്‍ പകല്‍ സമയം എറണാകുളത്തേക്കു യാത്ര ചെയ്യുന്നുണ്ട്.
തിരുവനന്തപുരത്തു നിന്നു 3 മണിക്കൂര്‍ കൊണ്ടു എറണാകുളത്ത് എത്താനായാല്‍ വന്ദേഭാരതിനു കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കഴിയും. അതോടെ വിമാനത്താവളത്തിലേക്കു പോകുന്നവര്‍ വന്ദേഭാരതിലേക്കു മാറും. ദീര്‍ഘദൂര ട്രെയിനുകളില്‍ പകല്‍ സമയ എസി യാത്രയ്ക്കു കേരളത്തിനുള്ളില്‍ നല്ല ഡിമാന്‍ഡുണ്ട്. 2 ജനശതാബ്ദി ട്രെയിനുകളിലും എസി കോച്ചുകള്‍ എപ്പോഴും വെയ്റ്റ് ലിസ്റ്റിലാണ്. സ്ലീപ്പര്‍ ടിക്കറ്റ് എടുത്ത ശേഷം എസിയിലേക്കു മാറ്റിയെടുക്കുന്ന ഒട്ടേറെ യാത്രക്കാരുണ്ടെങ്കിലും വന്ദേഭാരതിലെ ടിക്കറ്റ് നിരക്കുകള്‍ വെല്ലുവിളിയാകുമെന്ന സംശയം അധികൃതര്‍ക്കുണ്ട്.
എന്നാല്‍ സ്ഥിരം യാത്രക്കാര്‍ വന്ദേഭാരതിലേക്കു മാറാനുള്ള സാധ്യത വിരളമാണ്. പ്രീമിയം സര്‍വീസായതിനാല്‍ സീസണ്‍ ടിക്കറ്റുകളും കണ്‍സഷനുകളും ട്രെയിനിലുണ്ടാകില്ല. ഉച്ചയ്ക്കു പുറപ്പെടുന്ന ജനശതാബ്ദിയില്‍ കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്കു തിരക്കു പൊതുവേ കുറവാണ്. വന്ദേഭാരത് 4 മണിയോടെ കോഴിക്കോട് വിട്ടാല്‍ യാത്രക്കാരുടെ എണ്ണം കൂടും.
ജനശതാബ്ദി കഴിഞ്ഞാല്‍ തിരുവനന്തപുരത്തേക്കു ഏറെ നേരം ട്രെയിനില്ലാത്ത പ്രശ്‌നം മലബാര്‍ മേഖലയിലുണ്ട്. വൈകിട്ട് 5.30ന് ശേഷം മണിക്കൂറുകളോളം തലസ്ഥാനത്തേക്കു ട്രെയിനില്ലാത്ത പ്രശ്‌നം എറണാകുളത്തുമുണ്ട്. വന്ദേഭാരത് ഇതിനു പരിഹാരമായാല്‍ ഏറെ യാത്രക്കാരെ ലഭിക്കുമെന്നു യാത്രക്കാരുടെ സംഘടനകളും ചൂണ്ടിക്കാട്ടുന്നു.