അബഹ: ഉംറ സംഘത്തിന്റെ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഭൂരിഭാഗം മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ തിരിച്ചറിയാനുള്ള ഫൊറന്‍സിക് പരിശോധന ഊര്‍ജിതമാക്കി. ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ പങ്കാളിത്തത്തോടെ ഫൊറന്‍സിക് മെഡിക്കല്‍ സംഘം മരിച്ചവരുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിക്കുന്നുണ്ട്.
അസീര്‍ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരന്റെ നിര്‍ദേശാനുസരണം മഹായില്‍ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ ഫലാഹ് അല്‍ഖര്‍ഖാഹ് പരുക്കേറ്റവരെ സന്ദര്‍ശിച്ചു. മഹായില്‍ അസീര്‍ പൊലീസ് മേധാവി ബ്രി. മുബാറക് അല്‍ബിശ്രിയും ഗവര്‍ണറെ അനുഗമിച്ചു. പരുക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സയും പരിചരണവും നല്‍കാന്‍ മഹായില്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു.