അമ്പലപ്പുഴ: ദേശീയപാതയില്‍ കാക്കാഴം മേല്‍പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കള്‍ മരിച്ചു. നാലുപേര്‍ തിരുവനന്തപുരം സ്വദേശികളും ഒരാള്‍ കൊല്ലം മണ്‍ട്രോത്തുരുത്ത് സ്വദേശിയുമാണ്. തിരുവനന്തപുരം ആലത്തൂര്‍ യേശുദാസിന്റെ മകന്‍ ഷിജിന്‍ ദാസ് (24), ആലത്തൂര്‍ കുളത്തിന്‍കര കാപ്പുകാട്ടില്‍ മോഹനന്റെ മകന്‍ മനു (24), ആലത്തൂര്‍ തെക്കേക്കര പുത്തന്‍വീട്ടില്‍ ശ്രീകുമാറിന്റെ മകന്‍ പ്രസാദ് (25), കൊല്ലം മണ്‍ട്രോത്തുരുത്ത് അനു നിവാസില്‍ രാധാമണിയുടെ മകന്‍ അമല്‍ (28), തിരുവനന്തപുരം മുട്ടട അഞ്ജനയില്‍ ചാക്കോയുടെ മകന്‍ സുമോദ് എന്നിവരാണ് മരിച്ചത്.
ഇന്നു പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്ക് വന്ന കാറില്‍ കൊല്ലം ഭാഗത്തേക്ക് അരി കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. നാലുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മരിച്ചു. മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഐഎസ്ആര്‍ഒയിലെ കണ്ടിജന്‍സി ജീവനക്കാരായ ഇവര്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ കാറില്‍ പോയതായിരുന്നു. അമലാണ് ആശുപത്രിയില്‍ മരിച്ചത്.
സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം ഏറെ നേരം സ്തംഭിച്ചു. ആലപ്പുഴ, തകഴി യൂണിറ്റുകളിലെ ഫയര്‍ഫോഴ്‌സും പൊലീസും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഏറെ നേരം ശ്രമിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കാര്‍ പൂര്‍ണമായി തകര്‍ന്നു. മേല്‍പാലത്തില്‍ പലയിടത്തുമുള്ള കുഴികള്‍ മുന്‍പ് അപകടങ്ങള്‍ക്ക് കാരണമായിരുന്നു. പാലത്തില്‍ വഴിവിളക്കുകളുമില്ല.