ചങ്ങനാശേരി: എന്‍എസ്എസ് രജിസ്ട്രാര്‍ പി.എന്‍.സുരേഷില്‍ നിന്ന് നിര്‍ബന്ധിച്ച് രാജി വാങ്ങിയതിന് പിന്നാലെ ശശി തരൂരിന് ഡാമേജ് വരാതിരിക്കാനുളള പ്രചാരണം കൊഴുക്കുന്നു. ബിജെപി നേതാക്കളുമായി പി.എന്‍. സുരേഷ് ചര്‍ച്ച നടത്തിയതിന്റെ പേരിലാണ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രാജി എഴുതി വാങ്ങിയത് എന്ന തരത്തിലാണ് പ്രചാരണം. എന്നാല്‍, ഇതല്ല വാസ്തവമെന്നാണ് പെരുന്നയുമായി അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
സാമ്പത്തിക ക്രമക്കേട്, അനധികൃത സമ്പാദ്യം എന്നീ ആരോപണങ്ങള്‍ക്ക് പുറമേ സുകുമാരന്‍ നായരുടെ തലയ്ക്ക് മുകളില്‍ വളരാന്‍ നടത്തിയ ശ്രമങ്ങളാണ് സുരേഷിന് വിനയായത്. പെട്ടെന്ന് തന്നെ വെട്ടിനിരത്താന്‍ കാരണമായതാകട്ടെ ശശി തരൂരിന്റെ സന്ദര്‍ശനമാണ്. ബിജെപി നേതാക്കളെയും അനുഭാവികളെയും പോലും പെരുന്നയില്‍ നിന്ന് അകറ്റുന്നതിന് സുരേഷ് പ്രധാന പങ്കു വഹിച്ചിരുന്നു. തന്നെ പെരുന്നയിലെത്തിച്ച ബിജെപിക്കാരനെപ്പോലും അവിടെ നിന്ന് പുറത്താക്കുന്നതില്‍ സുരേഷിന്റെ ഓപ്പറേഷനുകളാണുണ്ടായിരുന്നത് എന്ന് പറയുന്നു.
കോണ്‍ഗ്രസ് ഭരണ കാലത്താണ് സുരേഷ് പദവികള്‍ ഏറെയും നേടിയെടുത്തത്. ആറന്മുള വാസ്തുവിദ്യാ ഗുരുകുലം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയതും കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ആക്ടിങ് വൈസ് ചാന്‍സിലര്‍ ആയതും കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് ഭരിക്കുമ്പോളാണ്. കേന്ദ്ര സര്‍ക്കാരിന്റെ 12 കോടി രൂപയുടെ ഫണ്ട് കല്‍പിത സര്‍വകലാശാലയ്ക്ക് ലഭിച്ചിരുന്നു. അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അതേ കരാറുകാരനെ എന്‍.എസ്.എസിന്റെ ഗസ്റ്റ് ഹൗസുകള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവ നിര്‍മിക്കാനും നവീകരിക്കാനും എത്തിച്ചതിന് പിന്നില്‍ സുരേഷിന്റെ കൈകള്‍ ഉണ്ടെന്നാണ് പറയുന്നത്.
ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളെ പെരുന്നയില്‍ നിന്ന് അകറ്റുന്നതിനും കോണ്‍ഗ്രസ് നേതാക്കളെ അടുപ്പിക്കുന്നതിനും സുരേഷ് മുന്‍കൈയെടുത്തു. ശശി തരൂരിന്റെ വരവോടെ കൂടുതല്‍ പ്രബലന്‍ ആകാമെന്ന് കരുതിയിരുന്നു. എന്നാല്‍, ഈ വരവ് ഒരു ഒന്നൊന്നര വരവായി മാറി. സുരേഷ് തെറിക്കുകയും ചെയ്തു.
എന്‍.എസ്.എസ് കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് രാജി എഴുതി വാങ്ങിയത്. അടിന്തിര കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് സുരേഷിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. എന്‍എസ്എസിന്റെ വിഷയങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നത് കൗണ്‍സില്‍ യോഗമാണ്. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, കലഞ്ഞൂര്‍ മധു, ഹരികുമാര്‍ കോയിക്കല്‍, അഡ്വ. സംഗീത് കുമാര്‍ തുടങ്ങിയവരാണ് കൗണ്‍സില്‍ അംഗങ്ങള്‍. നിരവധി ആരോപണങ്ങള്‍ നേരത്തേ തന്നെ സുരേഷിനെതിരേ ഉയര്‍ന്നിരുന്നു. ബന്ധുനിയമനം ആയിരുന്നു അതിലൊന്ന്. സാമ്പത്തിക ക്രമക്കേടായിരുന്നു മറ്റൊന്ന്. തൃശൂര്‍ മുതല്‍ വടക്കോട്ട് തനിക്ക് അനുകൂലമായി ഒരു ബെല്‍റ്റ് സൃഷ്ടിക്കാന്‍ സുരേഷ് ശ്രമിക്കുന്നതായി ജനറല്‍ സെക്രട്ടറിക്ക് സൂചന ലഭിച്ചിരുന്നു. ഇദ്ദേഹം ഇവിടെ യോഗങ്ങളില്‍ നടത്തിയ പ്രസംഗങ്ങളും തിരിച്ചടിയായി. മന്നത്തിന് ശേഷം എന്‍എസിഎസിന്റെ തലപ്പത്ത് വരാന്‍ യോഗ്യതയുള്ള വ്യക്തി താനാണെന്ന് സൂചിപ്പിക്കുന്ന വിധത്തിലായിരുന്നുവത്രേ സുരേഷിന്റെ പല പ്രസംഗങ്ങളും.
പെരുന്നയിലെത്തിയ ശശി തരൂരിനെക്കൊണ്ട് ഈ രീതിയില്‍ ജനറല്‍ സെക്രട്ടറിയോട് സംസാരിക്കാനും ചുമതലപ്പെടുത്തിയിരുന്നുവത്രേ. എന്നാല്‍, അദ്ദേഹം പറഞ്ഞില്ല. തരൂരും കൗണ്‍സില്‍ അംഗങ്ങളുമായി സംസാരിക്കുന്നിടത്ത് കടന്നു കയറി തല കാണിച്ച് ചിത്രമെടുക്കുകയും പിറ്റേന്ന് മനോരമ പത്രത്തില്‍ അത് അച്ചടിപ്പിക്കുകയും ചെയ്തതാണ് ഇത്ര പെട്ടെന്ന് കസേര തെറിക്കാന്‍ കാരണമായത്. കൗണ്‍സില്‍ യോഗം രണ്ടു ഓപ്ഷനുകളാണ് സുരേഷിന് മുന്നില്‍ വച്ചത്. ഒന്നുകില്‍ രാജി വച്ച് പുറത്തു പോകാം. അല്ലാത്ത പക്ഷം എടുത്ത് പുറത്തു കളയും. ഇതിന്റെ ഭാഗമായി സുരേഷ് രാജി വയ്ക്കുകയായിരുന്നു.
ആറന്മുള വാസ്തു വിദ്യാഗുരുകുലം എക്സിക്യൂട്ടീവ് ഡയറക്ടര്‍, കലാമണ്ഡലം കല്‍പിത സര്‍വകലാശാല ആക്ടിങ് വൈസ് ചാന്‍സിലര്‍ എന്നീ നിലകളിലാണ് സുരേഷ് പ്രശസ്തനായത്. യുഡിഎഫ് മന്ത്രിസഭയില്‍ ജി. കാര്‍ത്തിയേകന്‍ സാംസ്‌കാരിക മന്ത്രിയായിരിക്കുമ്പോള്‍ ഡോ. ഡി. ബാബുപോളിന്റെ ശിപാര്‍ശയിലാണ് സുരേഷ് വാസ്തുവിദ്യാഗുരുകുലം ചെയര്‍മാനായത്. പിന്നീട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ഉപദേഷ്ടാവായിരുന്ന ടി.കെ.എ നായരുടെ ശിപാര്‍ശയിലാണ് കലാമണ്ഡലം കല്‍പിത സര്‍വകലശാല വൈസ് ചാന്‍സിലര്‍ ആയത്.
എന്‍എസ്എസ് പ്രസിഡന്റായിരുന്ന നരേന്ദ്രനാഥന്‍ നായര്‍ മരിച്ചപ്പോള്‍ ആ സ്ഥാനത്തേക്ക് നോട്ടമിട്ടിരുന്നത് കലഞ്ഞൂര്‍ മധു, ഹരികുമാര്‍ കോയിക്കല്‍ എന്നിവരായിരുന്നു. രണ്ടു പേരെയും വെട്ടി മുന്‍ ട്രഷറര്‍ ഡോ. ശശികുമാറിനെ പ്രസിഡന്റാക്കിയതിന് പിന്നില്‍ സുരേഷ് ആയിരുന്നു. ജനറല്‍ സെക്രട്ടറിയുടെ അടുത്ത് ഇത്രയധികം സ്വാധീനം ഉണ്ടെന്ന് കരുതിയിരുന്ന സുരേഷ് ആണിപ്പോള്‍ തെറിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ കലഞ്ഞൂര്‍ മധു അടക്കമുള്ളവര്‍ ആഞ്ഞ് പിടിച്ചുവെന്നാണ് സൂചന.
സുരേഷ് അടുത്തിടെ 45 ലക്ഷം രൂപ സംഭാവന നല്‍കി മകള്‍ക്ക് കോളജ് അധ്യാപികയായി ജോലി വാങ്ങി നല്‍കിയിരുന്നുവെന്നാണ് എതിരായ ആരോപണങ്ങളില്‍ ഒന്ന്. കോടികള്‍ മുടക്കി വീട് നവീകരിച്ചു, വീടിന് ചുറ്റുമുള്ള സ്ഥലങ്ങള്‍ ലക്ഷങ്ങള്‍ കൊടുത്തു വാങ്ങി എന്നിങ്ങനെയുള്ള ആരോപണങ്ങളെല്ലാം തിരിച്ചടിച്ചു. ഇനി കോണ്‍ഗ്രസിലേക്ക് എത്തി നോക്കാന്‍ കഴിയില്ല. ബിജെപിയിലേക്ക് ചേക്കേറി സിവി ആനന്ദബോസിനെപ്പോലെ വല്ല ഗവര്‍ണറും ആകാമെന്ന കണക്കു കൂട്ടലാണ് ഇദ്ദേഹത്തിന് എന്നാണ് പറയപ്പെടുന്നത്.