സാവോ പോളോ: ഫുട്‌ബോള്‍ ഇതിഹാസം പെലെ (82) അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
ലോകം കണ്ട മികച്ച ഫുട്‌ബോളര്‍മാരില്‍ അഗ്രഗണ്യനാണ് പെലെ. തന്റെ ആദ്യ പ്രഫഷനല്‍ ക്ലബ്ബായ സാന്റോസിനുവേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സമയത്താണ് പെലെ ബ്രസീല്‍ ഫുട്‌ബോള്‍ ടീമിലേക്കെത്തിയത്. 1957 ജൂലൈ ഏഴിന് ആദ്യമായി ബ്രസീല്‍ ജഴ്‌സി അണിയുമ്പോള്‍ പെലെയ്ക്ക് പ്രായം വെറും പതിനാറ്. ആദ്യം മത്സരിച്ചത് പരമ്പരാഗത വൈരികളായ അര്‍ജന്റീനയ്‌ക്കെതിരെയും.
അര്‍ജന്റീനയോട് അന്ന് ബ്രസീല്‍ 1-2ന് തോറ്റെങ്കിലും ബ്രസീലിന്റെ ഏകഗോള്‍ നേടി പെലെ തന്റെ അരങ്ങേറ്റം കൊഴുപ്പിച്ചു. 58 ല്‍ തന്റെ പതിനേഴാംവയസ്സില്‍ സ്വീഡനെതിരായ ലോകകപ്പ് ഫൈനലിലൂടെ അദ്ദേഹം ഫുട്‌ബോള്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും കവര്‍ന്നു.