പ്രധാനമന്ത്രി നരേന്ദ്ര മോദി മാതാവ് ഹീര ബെന്‍ മോദി അന്തരിച്ചു

0 second read

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി മാതാവ് ഹീര ബെന്‍ മോദി (99) അന്തരിച്ചു. അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച് സെന്ററില്‍ ഇന്നു പുലര്‍ച്ചെയാണ് അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളില്‍ കുടികൊള്ളുമെന്ന് അമ്മയെ അനുസ്മരിച്ച് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

”ഒരു സന്യാസിയുടെ യാത്രയും നിസ്വാര്‍ഥ കര്‍മയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും ഉള്‍ക്കൊള്ളുന്ന ആ ത്രിത്വം അമ്മയുല്‍ എനിക്ക് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. നൂറാം ജന്മദിനത്തില്‍ ഞാന്‍ കണ്ടുമുട്ടിയപ്പോള്‍ അവര്‍ ഒരു കാര്യം പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു – ബുദ്ധിയോടെ പ്രവര്‍ത്തിക്കുക, ശുദ്ധിയോടെ ജീവിതം നയിക്കുക.” – മോദി ട്വിറ്ററില്‍ കുറിച്ചു.

1922 ജൂണ്‍ 18ന് ഗുജറാത്തിലെ മെഹ്സാനയിലാണ് ഹീരാബെന്‍ മോദി ജനിച്ചത്. ചായ വില്‍പനക്കാരനായ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദിയെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിച്ചു. ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദിയുടെയും ഹീരാബെന്നിന്റെയും ആറു മക്കളില്‍ മൂന്നാമനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോമ മോദിയാണു മൂത്ത മകന്‍. അമൃത് മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി എന്നിവരാണ് മറ്റു ആണ്‍ മക്കള്‍. ഏക മകള്‍ വാസന്തിബെന്‍. ഭര്‍ത്താവിന്റെ മരണത്തിന് മുന്‍പ് വഡ്നഗറിലെ കുടുംബത്തിന്റെ തറവാട്ടു വീട്ടിലായിരുന്നു ഹീരാബെന്‍ മോദി താമസിച്ചിരുന്നത്. ഭര്‍ത്താവിന്റെ മരണശേഷം ഇളയമകനായ പങ്കജിന്റെ വീട്ടിലേക്ക് മാറി.

അമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുള്ള പ്രധാനമന്ത്രി, അടുത്തിടെ നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഗുജറാത്തിലെത്തിയപ്പോള്‍ അമ്മയെ സന്ദര്‍ശിച്ചിരുന്നു. അമ്മയുമായി പ്രധാനമന്ത്രി സംസാരിക്കുന്നതിന്റെയും ചായ കുടിക്കുന്നതിന്റെയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ അമ്മ 100-ാം വയസ്സിലേക്കു പ്രവേശിച്ചപ്പോള്‍ ഗാന്ധിനഗറിലെ വീട്ടിലെത്തി മോദി പാദപൂജ നടത്തിയിരുന്നു.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുന്‍പ് മോദി, അമ്മയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയിരുന്നു. 2015ല്‍ യുഎസ് സന്ദര്‍ശന വേളയില്‍, ഫെയ്സ്ബുക് ആസ്ഥാനം സന്ദര്‍ശിക്കുന്നതിനിടെ അമ്മയെക്കുറിച്ച് സംസാരിച്ച മോദി വികാരാധീനനായി. മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഒരിക്കല്‍ മാത്രമാണ് അമ്മ ഹീരാബെന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. 2016ല്‍ ആയിരുന്നു അത്. 90 കഴിഞ്ഞ അമ്മയെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിലൂടെ വീല്‍ചെയറില്‍ കൊണ്ടുനടക്കുന്നതിന്റെ ചിത്രങ്ങള്‍ അന്ന് മോദി പോസ്റ്റ് ചെയ്തിരുന്നു. 2016 നവംബറില്‍, പഴയ കറന്‍സി നോട്ടുകള്‍ നിരോധിക്കുന്നതിനുള്ള മകന്റെ തീരുമാനത്തെ പിന്തുണച്ച് അവര്‍ എടിഎം ക്യൂവില്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…