മഴയില്‍ കുതിര്‍ന്നു തണുത്തുറഞ്ഞു ഖത്തര്‍: മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

2 second read

ദോഹ: മഴയില്‍ കുതിര്‍ന്നു തണുത്തുറഞ്ഞു ഖത്തര്‍. ദോഹ നഗരത്തില്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ മഴ. ഇന്നലെ പുലര്‍ച്ചെ മുതല്‍ രാജ്യമെങ്ങും നല്ല തോതില്‍ മഴ പെയ്തു. ഇന്നലെയും ഇന്നും മഴ കനക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഖത്തറിന്റെ വടക്കു-പടിഞ്ഞാറന്‍ മേഖലകളില്‍ ഇടിയോടു കൂടിയ മഴയാണ് രേഖപ്പെടുത്തിയത്.

വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായതോടെ താപനില ഗണ്യമായി കുറയുകയും തണുപ്പിന്റെ കാഠിന്യം കൂടുകയും ചെയ്തിട്ടുണ്ട്. ദോഹ നഗരത്തിന് പുറമേ ലുസെയ്ല്‍, അല്‍വക്ര, ഇന്‍ഡസ്ട്രിയല്‍ ഏരിയ, ദുഖാന്‍, റാസ് ലഫാന്‍ തുടങ്ങി വിവിധ ഇടങ്ങളില്‍ മഴ തുടര്‍ന്നു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കനത്ത മഴയില്‍ ചിലയിടങ്ങളില്‍ പ്രത്യേകിച്ചും ഹൈവേകളില്‍ ദൂരക്കാഴ്ച കുറഞ്ഞിരുന്നു. വാഹനം ഓടിക്കുന്നവര്‍ക്കു സമൂഹമാധ്യമങ്ങളിലൂടെ സുരക്ഷാ, ജാഗ്രതാ നിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയവും കാലാവസ്ഥാ വകുപ്പും പൊതുമരാമത്ത് അതോറിറ്റിയുമെല്ലാം 24 മണിക്കൂറും സജീവമാണ്.

മഴച്ചിത്രങ്ങളും വിഡിയോകളും നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. മഴയെത്തിയതോടെ കുടയും ചൂടി ജാക്കറ്റും ധരിച്ച് ദോഹ കോര്‍ണിഷിലൂടെ മഴ ആസ്വദിക്കാനായി നടത്തത്തിന് ഇറങ്ങിയവരും ഏറെ.

ലോകകപ്പിന്റെ മത്സരചൂടിനു ശേഷം തണുത്ത സുഖകരമായ കാലാവസ്ഥയിലേക്കാണു രാജ്യം പ്രവേശിച്ചത്. ലോകകപ്പിനെത്തി ഇനിയും മടങ്ങാത്ത പാശ്ചാത്യ നാടുകളിലെ ആരാധകര്‍ക്ക് ഖത്തറിന്റെ ശൈത്യം കൂടി അനുഭവിക്കാനുള്ള അവസരമാണിത്. അതിനിടെ കപ്പല്‍ ടൂറിസം സീസണ്‍ തുടങ്ങിയതിനാല്‍ ദോഹയുടെ ശൈത്യത്തിലേക്ക് കപ്പല്‍ സഞ്ചാരികളും എത്തിത്തുടങ്ങി.

മഴയത്തു വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ കരുതല്‍ വേണമെന്ന് അധികൃതര്‍. മഴസമയങ്ങളില്‍ വാഹനം ഓടിക്കുമ്പോള്‍ റോഡിലെ സുരക്ഷാ ബോര്‍ഡുകള്‍ പിന്തുടരണമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍ നിര്‍ദേശിച്ചു. മഴയത്ത് സുരക്ഷിതമായി വാഹനം ഓടിക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും ഓര്‍മപ്പെടുത്തി.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചിന്ത ജെറോമിനെ ആദ്യം പ്രപ്പോസ് ചെയ്തത് രാഹുല്‍ മാങ്കൂട്ടത്തില്‍! ഒരു അപൂര്‍വ്വ പ്രപ്പോസലിന്റെ കഥ പറഞ്ഞ് രാഹുലും ചിന്തയും

തിരുവനന്തപുരം: പ്രായം കൊണ്ട് എതാണ്ട് സമകാലീകരാണെങ്കിലും ആശയ പ്രത്യയശാസ്ത്ര പരമായി രണ്ട് രീ…