ബെഡ്‌ഫോഡ്‌ഷെയര്‍: യുകെ മലയാളികള്‍ക്ക് നൊമ്പരമായി ബെഡ്‌ഫോഡ്‌ഷെയര്‍ ലൂട്ടനില്‍ പത്തനംതിട്ട മൈലപ്ര സ്വദേശിയുടെ ആകസ്മിക മരണം. ബെക്കിങ്ഹാംഷെയറിലെ സ്റ്റോക് മണ്ടേവില്ലേ എന്‍എച്ച്എസ് ഹോസ്പിറ്റലിലെ ജീവനക്കാരനും പൊതുപ്രവര്‍ത്തകനുമായ ജിജി മാത്യൂസ് (56) ആണ് മരിച്ചത്.
രാത്രി ഉറങ്ങാന്‍ കിടന്ന ജിജിക്ക് പുലര്‍ച്ചെ ഒരു മണിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. നെഞ്ചു വേദനയെ തുടര്‍ന്ന് സ്ഥിതി വഷളാകുന്നത് മനസിലാക്കിയ ഉടന്‍ വീട്ടുകാര്‍ ആംബുലന്‍സ് സേവനം തേടി. ആംബുലന്‍സ് ജീവനക്കാര്‍ നിമിഷ നേരത്തിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
തുടര്‍ന്ന് ക്രിസ്മസ് ആഘോഷത്തിന്റെ മുഴുവന്‍ സന്തോഷവും പൊട്ടിച്ചിരികളും നിറഞ്ഞു നിന്ന വീട്ടിലേക്ക് മരണത്തിന്റെ മൗനവും കണ്ണീരും പൊടുന്നനെ എത്തുകയായിരുന്നു. യുകെയിലെ സാമൂഹിക പ്രവര്‍ത്തന രംഗത്തും ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രവര്‍ത്തനങ്ങളിലും ഏറെ സജീവമായിരുന്നു ജിജി. ലൂട്ടന്‍ കേരളൈറ്റ് അസോസിയേഷന്റെ സ്ഥാപക പ്രവര്‍ത്തകരില്‍ ഒരാളാണ്.
സമീപകാലത്ത് ഗ്ലോസ്റ്ററില്‍ നടന്ന കാര്‍ അപകടത്തില്‍ സ്റ്റുഡന്റ് വീസയില്‍ എത്തിയ രണ്ടു കുടുംബങ്ങള്‍ നേരിട്ട ദുരന്തത്തില്‍ ലൂട്ടന്‍ മലയാളികള്‍ നടത്തിയ ആശ്വാസ പ്രവര്‍ത്തനങ്ങളില്‍ നേതൃനിരയില്‍ നിന്നിട്ടുണ്ട്. ലണ്ടന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി രൂപീകരിച്ചവരില്‍ പ്രധാനിയും നിലവില്‍ പള്ളിയുടെ സെക്രട്ടറിയുമായിരുന്നു.
ലൂട്ടന്‍ എല്‍ ആന്‍ഡ് ഡി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്സായ ഷേര്‍ലി കോശി ആണ് ഭാര്യ. മക്കള്‍: ഡോ. നിക്കി ജിജി, നിഖില്‍ ജിജി, നോയല്‍ ജിജി. മരുമകന്‍: ഡെന്നിസ് വര്‍ഗീസ്. സംസ്‌കാരം പിന്നീട്. ജിജിയുടെ അപ്രതീക്ഷിത വേര്‍പാട് സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ള മലയാളികള്‍ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. 22 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ജിജിയും കുടുംബവും യുകെയില്‍ എത്തിയത്.