ജിദ്ദ: കമ്പനിയില്‍ നിന്ന് രണ്ടു ട്രക്കുകള്‍ മോഷ്ടിച്ച് മറിച്ചു വിറ്റ് നാട്ടിലേക്ക് മുങ്ങിയ മൂന്നു മലയാളികള്‍ക്ക് പിന്നാലെ സ്പോണ്‍സര്‍. സൗദി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ മൂവരെയും കേരത്തില്‍ നിന്ന് പൊക്കുന്നതിനായി സ്പോണ്‍സര്‍ കേരളാ മുഖ്യമന്ത്രി, ഡി.ജി.പി, ഇരിങ്ങാലക്കുട എസ്.എച്ച്.ഓ എന്നിവരുടെ സഹകരണം തേടി പരാതി അയച്ചു.
അങ്കമാലി സ്വദേശികളായ ജോസ് മൂലന്‍, സുനില്‍ പാപ്പച്ചന്‍ ഇരിട്ടി സ്വദേശി മാത്യു തോമസ് എന്നിവര്‍ക്കെതിരേ ദമാം അവ്ദ അല്‍ സഹറാണി ട്രേഡിങ് എസ്റ്റാബ്ലിഷ്മെന്റ് ചെയര്‍മാന്‍ ഇമാദ് അവ്ദ അല്‍ സഹറാണിയാണ് പരാതി നല്‍കിയിരിക്കുന്നത്. അല്‍കോബാറിലെ അസീസിയ പോലീസ് സ്റ്റേഷനില്‍ 2021 ഏപ്രില്‍ എട്ടിന് രജിസ്റ്റര്‍ ചെയ്തിട്ടുളള 4296702517 നമ്പര്‍ കേസിലെ പ്രതികളാണ് മൂവരും.
ഇമാദ് അവ്ദ കേരള മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഇങ്ങനെ പറയുന്നു: ജിദ്ദയിലെ പ്രമുഖ ഭക്ഷ്യഉല്‍പന്ന വിതരണ കമ്പനിയാണ് അവ്ദ അല്‍ സഹറാണി ട്രേഡിങ് എസ്റ്റാബ്ലിഷ്മെന്റ്. ട്രക്കുകള്‍ മോഷ്ടിച്ച് വന്‍ വിലയ്ക്ക് മറിച്ചു വിറ്റ ശേഷം നാട്ടിലേക്ക് കടന്ന ജോസ് മൂലന്‍ അടക്കമുള്ളവര്‍ ഇവിടെ ജീവനക്കാരായിരുന്നു. 2021 ല്‍ ആണ് തന്റെ പിതാവ് അവ്ദ മുഹമ്മദ് മുവായദ് അല്‍ സഹറാണിയുടെ ഉടമസ്ഥതയിലുള്ള 2 ട്രക്കുകള്‍ ജോസ് മൂലന്റെ നേതൃത്വത്തില്‍ കവര്‍ന്നത്. 2011 മോഡല്‍ ടെയോട്ട ദയ്ന വാഹനങ്ങളാണ് ഇവര്‍ കൈക്കലാക്കിയത്. ഇത് വിറ്റ് കിട്ടിയ പണവുമായി ജോസ് മൂലനും കൂട്ടരും ഇന്ത്യയിലേക്ക് കടന്നു. താന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അല്‍കോബാര്‍ അസീസിയ പോലീസ് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
എന്റെ കമ്പനിയിലെ ജീവനക്കാരായിരുന്ന മൂവരും ചേര്‍ന്ന് കമ്പനിക്ക് വിവിധ സ്ഥാപനങ്ങളില്‍ നിന്ന് കിട്ടാനുള്ള വന്‍തുക ജീവനക്കാരെന്ന
നിലയില്‍ പിരിച്ചെടുത്തിരുന്നു. ഇന്ത്യയിലേക്ക് മുങ്ങുന്നതിന് മുന്‍പ് ഇവര്‍ ഈ പണവും നാട്ടിലേക്ക് അയച്ചു. ഈ വിവരം പിന്നീടാണ് കമ്പനിയുടെ ശ്രദ്ധയില്‍ വന്നത്. ഇവരുടെ ഈ പ്രവൃത്തി കൊണ്ട് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കമ്പനിയുടെ സല്‍പ്പേരിന് കളങ്കവും മാനഹാനിയുമുണ്ടായി. നാടു കടന്ന ഇവരെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ജോസ് മൂലനും സംഘവും എന്റെ കമ്പനിയില്‍ നിന്ന് തട്ടിയെടുത്ത പണം കൊണ്ട് കേരളത്തില്‍ തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുട എന്ന സ്ഥലത്ത് മൂലന്‍സ് ഫാമിലി മാര്‍ട്ട് എന്ന പേരില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയതായി അറിയാന്‍ കഴിഞ്ഞു. വിദേശത്ത് നിന്ന് പണം തട്ടി കടന്ന മൂവര്‍ സംഘത്തിനെതിരേ നടപടിയെടുക്കാന്‍ സഹായിക്കണമെന്നാണ് പരാതിയിലുളളത്.
അതേസമയം, അസീസിയ പോലീസ് രജിസ്റ്റര്‍ ചെയ്ത ട്രക്ക്
മോഷണക്കേസിലെ പ്രതികള്‍ കേരളത്തിലേക്ക് മുങ്ങിയ സാഹചര്യത്തില്‍ ഇവരെ കണ്ടെത്താന്‍ ഇന്റര്‍ പോളിന്റെ സഹായം തേടിയെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തു വരുന്ന വിവരം.