റാസല്‍ഖൈമ: റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ 21 വയസ്സുള്ള സ്വദേശി യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരനു പരുക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവര്‍ ഏഷ്യക്കാരനാണ്.
സഹോദരങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നു റാസല്‍ഖൈമ പൊലീസ് പറഞ്ഞു. വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാത്തതാണ് അപകടത്തിനു കാരണമായതെന്നും അധികൃതര്‍ വ്യക്തമാക്കി.
അപകടത്തെ കുറിച്ച് ഓപ്പറേഷന്‍ റൂമില്‍ ഫോണ്‍ കോള്‍ ലഭിച്ച ഉടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘവും ആംബുലന്‍സും സ്ഥലത്തെത്തി. 21കാരന്‍ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. പരുക്കേറ്റ സഹോദരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. മരിച്ച വ്യക്തിയുടെ മൃതദേഹം പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തുവെന്നും അധികൃതര്‍ അറിയിച്ചു.