കടമ്പനാട്: പഞ്ചായത്ത് നല്‍കിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പള്ളി വളപ്പില്‍ അനധികൃത സെമിത്തേരി നിര്‍മാണം. പഞ്ചായത്ത് സെക്രട്ടറി നല്‍കിയ സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില നല്‍കി അനധികൃത നിര്‍മാണം തുടരുന്നത് അറിഞ്ഞിട്ടും നടപടിയെടുക്കേണ്ട കലക്ടര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു. ആയിരക്കണക്കിനാള്‍ക്കാരുടെ ജീവജല സ്രോതസ് മലിനമാക്കുന്ന സെമിത്തേരി നിര്‍മാണം. ഇടവകയിലെ പകുതിയോളം പേരും എതിര്‍ത്തിട്ടും നിര്‍മാണം അനസ്യൂതം മുന്നോട്ടു പോവുകയാണ്. ഇടയ്ക്ക് സമരവുമായി മുന്നോട്ടു വന്ന ബിജെപിക്കാര്‍ സിപിഎമ്മുമായി ഒത്തു തീര്‍പ്പുണ്ടാക്കി പിന്‍വലിഞ്ഞു.
പുരാതന ഇടവകയായ കടമ്പനാട് സെന്റ് തോമസ് കത്തീഡ്രലിന്റെ സെമിത്തേരി നിര്‍മാണമാണ് വിവാദത്തിലായിരിക്കുന്നത്. 1400 കുടുംബങ്ങളാണ് ഇടവകയിലുള്ളത്. നിലവിലുളള സെമിത്തേരിയോട് ചേര്‍ന്ന് അമ്പതോളം കല്ലറകള്‍ പുതുതായി നിര്‍മിക്കാനാണ് നീക്കം. സെമിത്തേരി നിര്‍മാണം സംബന്ധിച്ച് കര്‍ശന മാര്‍ഗ നിര്‍ദേശമുണ്ട്. തങ്ങള്‍ സെമിത്തേരി നവീകരിക്കുകയാണ് എന്നാണ് പള്ളിക്കമ്മറ്റിയുടെ അവകാശവാദം. ഇതിന് പ്രത്യേകം അനുമതി ആവശ്യമില്ലെന്നും ഇവര്‍ പറയുന്നു.
കഴിഞ്ഞ മാസം 29 ന് ലിജോ സദനം ജോയിക്കുട്ടി, പാലതുണ്ടില്‍ ദേവരാജന്‍ എന്നിവരുടെ പരാതി പ്രകാരമാണ് കടമ്പനാട് പഞ്ചായത്ത് സെക്രട്ടറി സെമിത്തേരി നവീകരണം നിര്‍ത്തി വയ്ക്കാന്‍ നോട്ടീസ് നല്‍കിയത്. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ നടത്തുന്ന നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കണം എന്നാണ് നോട്ടീസ് പറഞ്ഞിരിക്കുന്നത്. നിര്‍മാണം നിര്‍ത്താന്‍ പള്ളിക്കമ്മറ്റി തയാറായില്ലെന്ന് മാത്രമല്ല, നവംബര്‍ 30 ന് ഒരു മറുപടിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൊടുക്കുകയാണ് ചെയ്തത്.
കത്തീഡ്രല്‍ സെമിത്തേരിയില്‍ നിലവിലുള്ള കല്ലറകളുടെ തെക്ക് വശത്ത് മതിലിന് ഉള്ളിലായിട്ടാണ് പുതിയ കല്ലറകള്‍ പണിയുന്നത്. ഇത് പുതിയ വസ്തുവില്‍ അല്ല. കോമണ്‍ വാള്‍ട്ട് അല്ല പണിയുന്നത്. നിലവില്‍ ഉള്ള കല്ലറകള്‍ പുനര്‍ നിര്‍മാണം നടത്തുന്നതിന് യാതൊരു അനുമതിയും ആവശ്യമില്ല എന്നാണ് നിയമപരമായി ലഭിച്ചിരിക്കുന്നത്. കൂടാതെ, പണിയുന്ന കല്ലറയുടെ നാലു വശത്തും 0.15 മീറ്റര്‍ കനത്തില്‍ കോണ്‍ക്രീറ്റ് ആയിട്ടാണ് ചെയ്യുന്നത്. യാതൊരു വിധത്തിലുള്ള ലീക്കും ഉണ്ടാവുകയില്ല. ഈ വിവരങ്ങള്‍ മുന്‍ നിര്‍ത്തി പണികള്‍ക്ക് യാതൊരു തടസവും ഉണ്ടാകാതിരിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് താല്‍പര്യപ്പെടുന്നുവെന്നായിരുന്നു പള്ളി കമ്മറ്റിയുടെ മറുപടി.
ഇതിന് നിയമപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് അന്ന് തന്നെ പഞ്ചായത്ത് സെക്രട്ടറി വീണ്ടും സ്റ്റോപ്പ് മെമ്മോ നല്‍കി. അതില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ:
കേരള പഞ്ചായത്ത് രാജ് 1998 (ശവം മറവു ചെയ്യുന്നതിനും ദഹിപ്പിക്കുന്നതിനുമുള്ള സ്ഥലങ്ങള്‍) ചട്ടം 6(2) പ്രകാരം നിലവിലുള്ള ഒരു ശ്മശാനത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കുകയോ വിപുലീകരിക്കുകയോ ചെയ്യുന്ന സംഗതിയില്‍ ആയത് പുതിയ ഒരു ശ്മശാനം ഏര്‍പ്പെടുത്തുന്നതായി കണക്കാക്കേണ്ടതും അപ്രകാരമുള്ള ശ്മശാനങ്ങള്‍ക്ക് ഈ ചട്ടം ബാധകമായിരിക്കുമെന്നാണ്. ആതര് കൊണ്ട് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തി വച്ച് പഞ്ചായത്ത് അനുമതി ലഭ്യമാക്കിതിന് ശേഷം മാത്രം നിര്‍മാണം ആരംഭിക്കാവുന്നതാണ് എന്ന് അറിയിച്ചു കൊള്ളുന്നു.
ഇനി പഞ്ചായത്ത് അനുമതി ലഭിക്കണമെങ്കില്‍ നിരവധി കടമ്പകളുണ്ട്. ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ കലക്ടര്‍ തുടങ്ങി നിരവധി അനുമതികള്‍ ലഭ്യമാക്കണം. പ്രദേശവാസികളുടെ അടക്കം എന്‍ഓസി ആവശ്യമുണ്ട്. നിര്‍ദിഷ്ട ശ്മശാനത്തോട് ചേര്‍ന്നാണ് കെഐപി കനാല്‍ കടന്നു പോകുന്നത്. പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പതിനായിരക്കണക്കിനാള്‍ക്കാര്‍ക്കുള്ള പ്രധാന കുടിവെള്ള സ്രോതസാണ് ഈ കനാല്‍. ജലസേചന ആവശ്യങ്ങള്‍ക്കായി തുടങ്ങിയ കനാല്‍ ഇപ്പോള്‍ ആയിരങ്ങളുടെ ജലക്ഷാമം പരിഹരിക്കുന്നു. വേനല്‍ക്കാലത്ത് കനാലിലൂടെ വെള്ളം തുറന്നു വിടും. ഇത് എത്തുന്നതോടെ സമീപത്തെ ജലാശയങ്ങളും വീടുകളിലെ കിണറുകളും ജലസമൃദ്ധമാകും. ആള്‍ക്കാരുടെ പ്രധാന കുടിവെള്ള സ്രോതസാണ് കനാല്‍. ഇതില്‍ നിന്ന് 10 മീറ്റര്‍ പോലും മാറിയല്ലാതെ ശവക്കോട്ട വരുന്നത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു. മൃതദേഹത്തില്‍ നിന്നുള്ള അംശം ചോര്‍ന്ന് കുടിവെള്ളത്തില്‍ കലര്‍ന്നാല്‍ പിന്നെ അത് കുടിക്കാനും കുളിക്കാനുമൊന്നും കൊള്ളില്ല. കനാല്‍ വെള്ളത്തിന്റെപ്രധാന ഉപയോക്താക്കള്‍ ഇടവക ജനങ്ങള്‍ തന്നെയാണ്.
നിലവിലുള്ള പള്ളിക്കമ്മറ്റിയുടെ കാലത്ത് സെമിത്തേരിയുടെ പണി തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്ത് ആവശ്യപ്പെട്ട അനുമതികള്‍ക്ക് പിന്നാലെ പോയാല്‍ കിട്ടാന്‍ വര്‍ഷങ്ങള്‍ താമസമെടുക്കും. അത് നടപ്പാക്കുക മറ്റു ഭരണ സമിതികളാകും. അതു കൊണ്ടാണ് ചട്ടം മറി കടന്ന് നിര്‍മാണം പുരോഗമിക്കുന്നത്.