ദുബായ്: ഇസ്രയേലിലെ ശതകോടീശ്വരന്റെ എണ്ണക്കപ്പലിനുനേര്‍ക്ക് ഡ്രോണ്‍ ആക്രമണം. ഒമാന്റെ തീരത്തിനടുത്താണ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ലൈബീരിയയില്‍ റജിസ്റ്റര്‍ ചെയ്ത പസഫിക് സിര്‍കോണ്‍ എന്ന കപ്പലിനുനേര്‍ക്കാണ് ആക്രമണം ഉണ്ടായതെന്ന് മധ്യപൂര്‍വേഷ്യ വിഷയത്തിലെ വിദഗ്ധരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റഡ് പ്രസ് (എപി) റിപ്പോര്‍ട്ട് ചെയ്തു.
സിംഗപ്പുര്‍ ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന ഈസ്റ്റേണ്‍ പസഫിക് ഷിപ്പിങ് കമ്പനിയാണ് പസഫിക് സിര്‍കോണ്‍ കപ്പലിന്റെ ഉടമ. ഇസ്രയേലിലെ ശതകോടീശ്വരനായ ഇഡാന്‍ ഒഫര്‍ ആണ് ഈ കമ്പനിയുടെ ഉടമ. ഒമാന്റെ തീരത്തിന് അടുത്ത് 240 കിലോമീറ്റര്‍ അകലെ വച്ചാണ് ആക്രമണം.
കപ്പല്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നും എണ്ണ ടാങ്കറിന് ചോര്‍ച്ചയില്ലെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കപ്പലിന് ചില കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. അതേസമയം, ഇറാന്‍ ഷഹീദ് – 136 എന്ന ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ ആക്രമണമാണെന്ന് കരുതുന്നതായി ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ അനൗദ്യോഗികമായി അറിയിച്ചെന്ന് എപി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ഈ ഡ്രോണുകള്‍ റഷ്യയ്ക്കു നല്‍കിയിട്ടുണ്ട്. റഷ്യ ഇതു യുക്രെയ്‌നില്‍ ഉപയോഗിക്കുന്നുണ്ടെന്നും എപി റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ വാര്‍ത്തയോടു പ്രതികരിക്കാന്‍ ഇറാന്‍ തയാറായിട്ടില്ല. ആക്രമണ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ എണ്ണവില ചെറുതായി വര്‍ധിച്ചു. അതിനിടെ, മേയ് മുതല്‍ ഇറാന്‍ കൈവശം വച്ചിരുന്ന രണ്ട് ഗ്രീക്ക് എണ്ണക്കപ്പല്‍ വിട്ടുകിട്ടിയതായി ഗ്രീസ് അറിയിച്ചു.