റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഇന്നത്തെ (ഞായര്‍) ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി.ജി-20 ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിന് വേണ്ടി ഇന്തോനീഷ്യയിലേക്ക് തിരിക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ന് ഡല്‍ഹിയിലെത്തുമെന്നും ഏതാനും മണിക്കൂറുകള്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുമെന്നുമായിരുന്നു നേരത്തെയുണ്ടായിരുന്നു അറിയിപ്പ്.
കിരീടാവകാശിക്കും ഇന്ത്യന്‍ പ്രധാനമന്ത്രിക്കും തിരക്കിട്ട പരിപാടികള്‍ മൂലം ഞായറാഴ്ചയിലെ ഡല്‍ഹിയില്‍ വച്ചുള്ള കൂടിക്കാഴ്ചയും ചര്‍ച്ചയും നടക്കില്ലെന്നാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഊര്‍ജ മേഖലയിലെ പരസ്പര സഹകരണം, എണ്ണ വ്യാപാരം, പുനരുത്പാദന എനര്‍ജി മേഖലയിലെ നിക്ഷേപം തുടങ്ങി നിരവധി വിഷയങ്ങളിലെ ചര്‍ച്ച സൗദി കിരീടാവകാശിയുടെ അര ദിവസത്തെ ഇന്ത്യ സന്ദര്‍ശന വേളയിലെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
സല്‍മാന്‍ രാജകുമാരനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നേരത്തെ കത്തയച്ചിരുന്നു. അതേസമയം, തിങ്കളാഴ്ച ആരംഭിക്കുന്ന ജി-20 ഉച്ചകോടിക്കിടെ മുഹമ്മദ് ബിന്‍ സല്‍മാനും മോദിയും ബാലിയില്‍ കൂടിക്കാഴ്ച നടത്തുമെനാണു കരുതുന്നത്.