ജയലളിതയുടെ ചികിത്സയില്‍ ഇടപെട്ടിട്ടില്ലെന്ന് ശശികല

1 second read

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ചികിത്സ വൈകിപ്പിച്ചെന്ന ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് തള്ളി വി.കെ.ശശികല. ജയലളിതയ്ക്ക് ആന്‍ജിയോഗ്രാം ആവശ്യമില്ലായിരുന്നെന്നും ചികിത്സയില്‍ ഇടപെട്ടിട്ടില്ലെന്നുമാണ് വിശദീകരണം. ജയലളിതയ്ക്ക് ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള വിദഗ്ധ ഡോകട്‌റുടെ നിര്‍ദേശം ശശികല ഇടപെട്ട് തടഞ്ഞുവെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

ജയലളിതയുടെ മരണത്തില്‍ കുറ്റക്കാരിയാണെന്ന കമ്മിഷന്‍ റിപ്പോര്‍ട്ട് തള്ളിയ ശശികല, ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും മൂന്നു പേജുള്ള പ്രസ്താവനയില്‍ വ്യക്തമാക്കി. സൗഹൃദത്തിന്റെ മാതൃകയായിരുന്നു താനും ജയലളിതയുമെന്നും, തങ്ങളെ വേര്‍പെടുത്താന്‍ നിരവധി ശ്രമങ്ങള്‍ നടന്നിരുന്നതായും ശശികല പറഞ്ഞു.
”ജയലളിതയെ രാഷ്ട്രീയമായി നേരിടാന്‍ ധൈര്യമില്ലാത്തവരുടെയും മരണത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് നോക്കിനില്‍ക്കുന്നവരുടെയും നീചമായ നിലപാടിനെ ഇനി ആരും പിന്തുണക്കില്ല. അമ്മ(ജയലളിത)യുടെ മരണത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. ജയലളിതയുടെ ചികിത്സയില്‍ ഇടപെട്ടിട്ടില്ല. ഈ കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ മെഡിസിന്‍ പഠിച്ചിട്ടില്ല. ചികിത്സാ സംബന്ധമായ എല്ലാ നടപടികളും സ്വീകരിച്ചത് മെഡിക്കല്‍ സംഘമാണ്. അമ്മയ്ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നതു മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം. വിദേശത്തു കൊണ്ടുപോയി ചികിത്സിക്കുന്നതിനും ഞാന്‍ തടസ്സം നിന്നിട്ടില്ല.’- ശശികല പറഞ്ഞു.

ജയലളിതിയുടെ ചികിത്സയ്ക്കായി അപ്പോളോ ആശുപത്രി തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട ആരോപണത്തില്‍, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയാണതെന്നാണ് ശശികലയുടെ വിശദീകരണം. ലോകനിലവാരമുള്ള ഡോക്ടര്‍മാരാണ് അവിടെയുള്ളത്. ജയലളിത നേരത്തെയും അവിടെയാണ് ചികിത്സ തേടിയത്. എയിംസില്‍നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള നിര്‍ദേശപ്രകാരമാണ് ജയലളിതയ്ക്ക് ആന്‍ജിയോഗ്രാം വേണ്ടെന്നു തീരുമാനിച്ചതെന്നും ശശികല വിശദീകരിച്ചു.

ജയലളിതയുടെ മരണത്തില്‍ വി.കെ.ശശികല ഉള്‍പ്പെടെ 4 പേര്‍ കുറ്റക്കാരെന്നും ഇതില്‍ അന്വേഷണം വേണമെന്നുമാണ് ജസ്റ്റിസ് അറുമുഖസാമി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. അന്നത്തെ ആരോഗ്യമന്ത്രി സി.വിജയഭാസ്‌കര്‍, ശശികലയുടെ ബന്ധു കൂടിയായ ഡോ. കെ.എസ്.ശിവകുമാര്‍, ആരോഗ്യ സെക്രട്ടറിയായിരുന്ന ഡോ. ജെ.രാധാകൃഷ്ണന്‍ എന്നിവരാണു മറ്റു 3 പേര്‍. ചികിത്സാ നടപടിക്കായി സര്‍ക്കാരിനെ അറിയിക്കാതെ 21 രേഖകളില്‍ ഒപ്പിട്ട അന്നത്തെ ചീഫ് സെക്രട്ടറി രാമമോഹന റാവുവിനെതിരെ ക്രിമിനല്‍ നടപടി ശുപാര്‍ശ ചെയ്തു. മറ്റു 2 ഡോക്ടര്‍മാര്‍ക്കെതിരെയും അന്വേഷണത്തിനു ശുപാര്‍ശയുണ്ട്.

2017 ഓഗസ്റ്റില്‍ അണ്ണാ ഡിഎംകെ സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് ഇന്നലെയാണ് തമിഴ്‌നാട് നിയമസഭയില്‍ സമര്‍പ്പിച്ചത്.ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് 2016 സെപ്റ്റംബര്‍ 22നാണു ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 74 ദിവസത്തിനു ശേഷം ഡിസംബര്‍ അഞ്ചിനു രാത്രി 11.30നു ജയ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍, തെളിവുകള്‍പ്രകാരം തലേന്ന് ഉച്ചകഴിഞ്ഞ് മൂന്നിനും മൂന്നരയ്ക്കുമിടയ്ക്കു മരണം സംഭവിച്ചിരിക്കാമെന്നു കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…