കീവ് :യുക്രെയ്ന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ബെല്‍ഗൊറോദില്‍ റഷ്യന്‍ സൈനിക പരിശീലനകേന്ദ്രത്തില്‍ നടന്ന വെടിവയ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഈയിടെ ചേര്‍ന്ന കരുതല്‍ സൈനികരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ റഷ്യ അന്വേഷണം ആരംഭിച്ചു. കൂടുതല്‍ പേര്‍ മരിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്.
അക്രമം നടത്തിയ 2 ‘ഭീകരരെ’യും വെടിവച്ചുകൊന്നതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പഴയ സോവിയറ്റ് റിപ്പബ്ലിക്കായ തജിക്കിസ്ഥാനില്‍ നിന്നുള്ളവരാണു വെടിവയ്പിനു പിന്നിലെന്നു യുക്രെയ്ന്‍ അധികൃതര്‍ പറഞ്ഞു.
ഇതേസമയം, കിഴക്കന്‍, തെക്കന്‍ യുക്രെയ്ന്‍ പ്രദേശങ്ങളില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുകയാണ്. മേഖലയിലെ 30 പട്ടണങ്ങളിലും ഗ്രാമങ്ങളിലും റഷ്യ വ്യോമാക്രമണം നടത്തി. യുക്രെയ്ന്‍, റഷ്യന്‍ സേനയുടെ 24 കേന്ദ്രങ്ങളിലും ആക്രമണം നടത്തി. റഷ്യന്‍ റോക്കറ്റാക്രമണത്തില്‍ ഡോണെറ്റ്‌സ്‌കിലെ മേയറുടെ ഓഫിസിനു സാരമായ കേടുപാടുണ്ടായി. ഡോണെറ്റ്‌സ്‌ക്, ഹേഴ്‌സന്‍, മൈക്കലേവ് പ്രവിശ്യകളില്‍ യുക്രെയ്ന്‍ സേനയുടെ മുന്നേറ്റം തടഞ്ഞതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.