അടൂര്‍: പ്രസവത്തിനു മുമ്പ് നവജാത ശിശു മരിച്ച സംഭവം ഡോക്ടറുടെ അലംഭാവമാണെന്ന പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍. കൊല്ലം ഐവര്‍കാല നടുവില്‍ പുത്തനമ്പലം വിഷ്ണു ഭവനത്തില്‍ വിനീതിന്റേയും രേഷ്മ രഘു(21)വിന്റേയും നവജാത ശിശുവാണ് വ്യാഴാഴ്ച ദിവസം അടൂര്‍ ഗവ.ആശുപത്രിയില്‍ വച്ച് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം രേഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വ്യാഴാഴ്ച പ്രസവിക്കുനുള്ള മരുന്ന് നല്‍കിയ ശേഷം പ്രസവമുറിയില്‍ പ്രവേശിപ്പിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് അസഹനീയമായ വേദന അനുഭവപ്പെട്ടപ്പോള്‍ ഡോക്ടറെ വിവരം അറിയിച്ചു. ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കാന്‍ ഡോക്ടറോട് അപേക്ഷിച്ചിരുന്നതായും ബന്ധുക്കള്‍ അവകാശപ്പെടുന്നു. പക്ഷെ പരിശോധന പോലും നടത്താന്‍ ഡോക്ടര്‍ തയ്യാറായില്ല. രാവിലെ 11-ന് കുട്ടിയ്ക്ക് അനക്കമില്ല എന്ന് രേഷ്മ നഴ്‌സുമാരെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഡോക്ടര്‍ സ്ഥലത്തെത്തി പരിശോധിച്ച ശേഷം പ്രസവ മുറി വിട്ട് പുറത്തേക്ക് പോയി. പിന്നീട് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് തിരികെയെത്തിയതെന്നും രേഷ്മയുടെ ഭര്‍ത്താവ് വിനീത് ആരോപിക്കുന്നു.
കുറച്ചു നേരം കഴിഞ്ഞ് ഡോക്ടര്‍ പുറത്തു കാത്തിരുന്ന തങ്ങളോട് കുട്ടി മരിച്ചുവെന്നും മൃതദേഹപരിശോധനയ്ക്കായി ഒരു പേപ്പര്‍ തന്നിട്ട് ഒപ്പിടാനും ആവശ്യപ്പെട്ടു. അപ്പോഴും കുട്ടി രേഷ്മയുടെ വയറിനുള്ളില്‍ തന്നെയായിരുന്നുവെന്നും വിനീത് വ്യക്തമാക്കുന്നു. കൊണ്ടുവന്ന പേപ്പറില്‍ ഒപ്പിടാന്‍ ഡോക്ടര്‍ തിടുക്കം കാണിക്കുകയായിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഒടുവില്‍ ശസ്ത്രക്രീയയിലൂടെ കുട്ടിയെ പുറത്തെടുത്തു. നവജാത ശിശു മരിക്കാന്‍ ഇടയായ സംഭവത്തില്‍ ആരോഗ്യമന്ത്രിക്കും ആരോഗ്യ വകുപ്പിനും പരാതി നല്‍കുമെന്ന് രേഷ്മയുടെ ബന്ധുക്കള്‍ പറഞ്ഞു. സ്‌കാനിംങ് സമയത്തോ മറ്റോ കുട്ടിക്ക് പ്രശ്‌നമില്ലായിരുന്നു. എന്നാല്‍ കുട്ടിയെ പുറത്തെടുത്തപ്പോള്‍ കുട്ടിയുടെ തലയില്‍ പുക്കുള്‍ക്കൊടി ചുറ്റിയിരുന്നതായും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവത്തില്‍ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അസ്വഭാവിക മരണത്തിന് അടൂര്‍ പോലീസ് കേസെടുത്തു