ഹര്‍കീവില്‍ നിന്ന് യുക്രെയ്ന്‍ സൈന്യം റഷ്യയെ അതിര്‍ത്തി കടത്തി

18 second read

ഹര്‍കീവ് (യുക്രെയ്ന്‍): കടുത്ത പ്രത്യാക്രമണത്തിലൂടെ വടക്കുകിഴക്കന്‍ മേഖലയായ ഹര്‍കീവില്‍ നിന്ന് യുക്രെയ്ന്‍ സൈന്യം റഷ്യയെ അതിര്‍ത്തി കടത്തി. യുദ്ധം തുടങ്ങിയ ഫെബ്രുവരി 24ന് റഷ്യന്‍ സൈന്യം യുക്രെയ്‌നിലേക്ക് പ്രവേശിച്ച ഹര്‍കീവ് മേഖലയെ മിന്നലാക്രമണങ്ങളിലൂടെ മോചിപ്പിച്ചത് രാജ്യത്ത് ആവേശം പടര്‍ത്തി. കഴിഞ്ഞ ഒരു ദിവസം മാത്രം 20 ജനവാസകേന്ദ്രങ്ങള്‍ മോചിപ്പിച്ചതായി യുക്രെയ്ന്‍ സേനാ മേധാവി അറിയിച്ചു.

യുക്രെയ്ന്‍ മുന്നേറ്റം സമ്മതിച്ച റഷ്യ സൈന്യത്തെ പുനഃസംഘടിപ്പിക്കുമെന്ന് അറിയിച്ചു. പിന്നോട്ടില്ലെന്നും ലക്ഷ്യം നേടുന്നതുവരെ സൈനിക നടപടി തുടരുമെന്നും റഷ്യന്‍ ഭരണകൂടത്തിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞെങ്കിലും കഴിഞ്ഞദിവസങ്ങളിലെ പരാജയം റഷ്യയെ നടുക്കിയെന്നാണ് സൂചന. ഇതു ശരിവയ്ക്കുന്നതാണ് സൈന്യത്തെ പിന്തുണയ്ക്കുന്ന റഷ്യയിലെ യുദ്ധവിദഗ്ധരും വ്‌ലോഗര്‍മാരും മറ്റും സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ വിമര്‍ശനങ്ങള്‍.

രാജ്യത്തിന്റെ തെക്കന്‍ മേഖലയായ ഖേര്‍സനില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 500 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം തിരിച്ചുപിടിച്ചതായി യുക്രെയ്ന്‍ സേനാ വക്താവ് നതാലിയ ഹ്യുമെനിക് അറിയിച്ചു. മൊത്തം 3000 ചതുരശ്ര കിലോമീറ്റര്‍ വിമുക്തമാക്കിയെന്നാണ് യുക്രെയ്ന്‍ ചീഫ് കമാന്‍ഡര്‍ വലേരി സനൂഷ്‌നി വ്യക്തമാക്കുന്നത്. ഏപ്രില്‍ മുതലുള്ള കാലയളവില്‍ റഷ്യ പിടിച്ചെടുത്ത സ്ഥലത്തേക്കാള്‍ കൂടുതലാണിത്. ആയുധങ്ങള്‍ ഉപേക്ഷിച്ച് സൈക്കിളുകള്‍ മോഷ്ടിച്ച് നാട്ടുകാരുടെ വേഷത്തില്‍ റഷ്യന്‍ സൈനികര്‍ രക്ഷപ്പെടുന്നതായാണ് തദ്ദേശവാസികള്‍ പറയുന്നത്.

അതേസമയം, മറ്റു പല മേഖലകളിലും റഷ്യ നടത്തിയ ആക്രമണങ്ങളിലായി 4 പേര്‍ കൊല്ലപ്പെട്ടു. ഇതുവരെ 5767 പേര്‍ കൊല്ലപ്പെട്ടതായാണ് യുഎന്‍ മനുഷ്യാവകാശ സംഘടന വ്യക്തമാക്കിയത്. യുക്രെയ്‌നിന്റെ മുന്നേറ്റം പരിഗണിച്ച് ഹര്‍കീവ് മേഖലയിലെ മുഴുവന്‍ സൈന്യത്തെയും റഷ്യ പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നും ഖേര്‍സന്‍ മേഖലയിലും അധിനിവേശ സൈന്യം വെള്ളംകുടിക്കുകയാണെന്നും ബ്രിട്ടിഷ് പ്രതിരോധമന്ത്രാലയം പറഞ്ഞു.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …