സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ ഉയരുന്ന അപവാദപ്രചാരണങ്ങളോടു രൂക്ഷമായി പ്രതികരിച്ച് ഗായിക രഞ്ജിനി ജോസ്. കഴിഞ്ഞ കുറച്ചുകാലമായി തന്നെ ലക്ഷ്യം വച്ച് ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുയാണെന്നും പലതിനോടും മുഖം തിരിച്ചിട്ടും ഈ രീതി തുടര്‍ന്നതിനാലാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും രഞ്ജിനി പറഞ്ഞു. ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പടച്ചുവിടുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഗായിക പറയുന്നു.
രഞ്ജിനിയുടെ വാക്കുകള്‍
‘സെലിബ്രിറ്റികളെക്കുറിച്ച് ഗോസിപ്പുകള്‍ എഴുതാനും അതു വായിക്കാനും ചിലര്‍ക്ക് പ്രത്യേക രസമാണ്. പക്ഷേ ഒരു കാര്യം ഓര്‍ക്കുക. ഞങ്ങളും മനുഷ്യരാണ്. നിങ്ങളെപ്പോലെ തന്നെ ജീവിക്കുന്നവര്‍. കുറച്ചു മാസങ്ങളായി എന്നെ ലക്ഷ്യം വച്ച് എന്തിനാണ് ഇത്തരം മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നു മനസ്സിലാകുന്നില്ല. ഇതിനു മുന്‍പേ വന്നതൊക്കെ ഞാന്‍ ഒഴിവാക്കിവിട്ടു. പ്രതികരിക്കേണ്ടെന്ന് എന്റെ അടുത്ത സുഹൃത്തുക്കളും പറഞ്ഞു. ഇതുവരെ എല്ലാത്തിനോടും കണ്ണടച്ചെങ്കിലും എപ്പോഴും അത് പറ്റില്ല. എല്ലാത്തിനും ഒരു പരിധിയുണ്ട്.
ഒരു ആണിന്റെ കൂടെ നില്‍ക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ തമ്മില്‍ ബന്ധം ഉണ്ടെന്നും വിവാഹിതരാകാന്‍ പോവുകയാണെന്നുമല്ല അതിന്റെ അര്‍ഥം. എന്റെ സ്വന്തം ചേച്ചിയെപ്പോലെ കാണുന്ന ആളുടെ കൂടെയുള്ള ഫോട്ടോ പുറത്തു വന്നപ്പോള്‍ ഞങ്ങള്‍ തമ്മില്‍ വിവാഹം കഴിക്കുകയാണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചു. ‘ഇവര്‍ ലെസ്ബിയന്‍സ് ആണോ?’ എന്ന തലക്കെട്ടോടെ ഒരു മാധ്യമം വാര്‍ത്ത കൊടുത്തു. സ്വവര്‍ഗാനുഗാരം കേരളത്തില്‍ സാധാരണയായി മാറിയെങ്കിലും എല്ലായിടത്തും ഇതെടുത്ത് വിതറുന്നത് എന്തിനാണ്? നിങ്ങളുടെ വീട്ടില്‍ സഹോദരങ്ങളില്ലേ? നിങ്ങള്‍ക്കു സുഹൃത്തുക്കളില്ലേ? എല്ലാവരും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം ലൈംഗികതയാണോ? ഇത്രയും ഇടുങ്ങിയ ചിന്തയോടെയാണോ നിങ്ങള്‍ വളര്‍ന്നുവന്നിരിക്കുന്നത്. വൃത്തികേടുകള്‍ എഴുതുന്നതിന് ഒരു പരിധിയില്ലേ?