മസ്‌കത്ത് :ഇന്ത്യയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ബുധനാഴ്ച വരെ ഒമാനില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ഹജര്‍ പര്‍വ്വത നിരകളിലും മസ്‌കത്ത്, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ, ദാഖിലിയ, വടക്ക്-തെക്ക് ശര്‍ഖിയ, മുസന്ദം എന്നീ ഗവര്‍ണറേറ്റുകളിലുമായിരിക്കും മഴ ലഭിക്കുക. വിവിധ പ്രദേശങ്ങളില്‍ 10 മുതല്‍ 80 മില്ലി മീറ്റര്‍വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 40-80 കിലോമീറ്ററായിരിക്കും കാറ്റിന്റെ വേഗത. കടല്‍ പ്രക്ഷുബ്ധമാകും. തിരമാലകള്‍ നാല് മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. നിറഞ്ഞൊഴുകുന്ന വാദികള്‍ മുറിച്ച് കടക്കരുതെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് സബ് കമ്മിറ്റികള്‍ പ്രവര്‍ത്തന സജ്ജമായി. ദാഖിലിയ, ദാഹിറ, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ബുറൈമി, മുസന്ദം, മസ്‌കത്ത്, വടക്കന്‍ ശര്‍ഖിയ, ഗവര്‍ണറേറ്റ് സബ് കമ്മിറ്റികളാണ് സജീവമായത്. സാഹചര്യങ്ങള്‍ നിരീക്ഷിച്ചിവരികയാണെന്നും കമ്മിറ്റി അറിയിച്ചു.
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് മെഡിക്കല്‍ റെസ്പോണ്‍സ് സംഘവും പൊതുജനാരോഗ്യ മേഖലയും മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ഉചിതമായ നടപടികള്‍ സ്വീകരിക്കാനും അടിയന്തിര സാഹചര്യങ്ങളില്‍ വേഗത്തില്‍ ഇടപെടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ എമര്‍ജന്‍സി മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. റാശിദ് ബിന്‍ ഹമദ് അല്‍ ബാദി പറഞ്ഞു.