ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മുവിന് ചരിത്ര വിജയം

17 second read

ന്യൂഡല്‍ഹി: ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മുവിന് ചരിത്ര വിജയം. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മൊത്തം വോട്ടുകളുടെ മൂല്യത്തിന്റെ 50 ശതമാനത്തിലധികം മുര്‍മു നേടി. കേരളം, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളായിരുന്നു ഈ റൗണ്ടില്‍ എണ്ണിയത്. ഇതോടെ. ആകെയുള്ള 3219 വോട്ടുകളില്‍ മുര്‍മുവിന് 2161 വോട്ടുകളും (വോട്ടുമൂല്യം – 5,77,777), യശ്വന്ത് സിന്‍ഹയ്ക്ക് 1058 വോട്ടുകളും (വോട്ടുമൂല്യം – 2.61.062) ലഭിച്ചു. രണ്ടാം റൗണ്ടിലും മുര്‍മുവിന് വന്‍ ലീഡ് ലഭിച്ചു. ഇംഗ്ലിഷ് അക്ഷരമാലക്രമത്തില്‍ ആദ്യ പത്തു സംസ്ഥാനങ്ങളുടെ വോട്ടുകള്‍ എണ്ണിയപ്പോള്‍ മുര്‍മുവിന് 809 വോട്ടുകളാണ് ലഭിച്ചത്. 1,05,299 ആണ് ഇതിന്റെ മൂല്യം. യശ്വന്ത് സിന്‍ഹയ്ക്ക് 329 വോട്ടുകളും ലഭിച്ചു. ഇതിന്റെ മൂല്യം 44,276 ആണെന്നും രാജ്യസഭ സെക്രട്ടറി ജനറല്‍ പി.സി. മോദി അറിയിച്ചു.

ലോക്‌സഭാ, രാജ്യസഭാ എംപിമാരുടെ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ ആദ്യ റൗണ്ടില്‍ 540 പേരുടെ പിന്തുണയാണ് മുര്‍മുവിനു ലഭിച്ചത്. യശ്വന്ത് സിന്‍ഹയ്ക്ക് 208 എംപിമാരുടെ പിന്തുണയും ലഭിച്ചു. ആകെ 748 എംപി വോട്ടുകളാണ് ഉണ്ടായിരുന്നത്. അല്‍പസമയത്തിനകം ഫലപ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് വരണാധികാരിയായ പി.സി. മോദി വിജയിക്കു സര്‍ട്ടിഫിക്കറ്റ് കൈമാറും.

മുര്‍മുവിനു കിട്ടിയ 540 വോട്ടുകളുടെ മൂല്യം 3,78,000 ആണ്. സിന്‍ഹയ്ക്ക് ലഭിച്ച വോട്ടുകളുടെ മൂല്യം 1,45,600. 15 വോട്ടുകള്‍ അസാധുവായെന്നും പി.സി. മോദി അറിയിച്ചു. പാര്‍ലമെന്റിലെ 63ാം നമ്പര്‍ മുറിയിലാണ് വോട്ടെണ്ണല്‍. ആദ്യം എംഎല്‍എമാരുടെയും പിന്നീട് എംപിമാരുടെയും വോട്ടുകള്‍ വേര്‍തിരിച്ചശേഷമാണ് എണ്ണിത്തുടങ്ങിയത്. ദ്രൗപദി മുര്‍മുവിനും യശ്വന്ത് സിന്‍ഹയ്ക്കും വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകള്‍ പിന്നീട് പ്രത്യേകം ട്രേയിലാക്കി മാറ്റിയിരുന്നു. എംഎല്‍എമാര്‍ക്ക് പിങ്ക് ബാലറ്റും എംപിമാര്‍ക്ക് പച്ച ബാലറ്റുമാണ് നല്‍കിയിരുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …