ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2020ല്‍ റിലീസ് ചെയ്ത ട്രാന്‍സ് മൊഴിമാറ്റി തമിഴില്‍ റിലീസ് ചെയ്യുന്നു. വിക്രം, പുഷ്പ തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യയില്‍ ഏറെ ആരാധകരെ സ്വന്തമാക്കിയ ഫഹദിന്റെ താരമൂല്യം തന്നെയാണ് ചിത്രം ഈ സമയത്ത് മൊഴിമാറ്റി ഇറക്കാന്‍ കാരണം. ഗൗതം മേനോന്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, നസ്രിയ തുടങ്ങി താരങ്ങളുടെ സാന്നിധ്യവും ഇതിന് സഹായമേകുന്നു.
നിലൈ മറന്തവന്‍ എന്നാണ് തമിഴില്‍ ചിത്രത്തിന്റെ പേര്. ധര്‍മ വിഷുവല്‍ ക്രിയേഷന്‍സ് ജൂലൈ 15ന് ചിത്രം തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ റിലീസിനെത്തിക്കും.
ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം, ഫഹദും നസ്രിയയും ഒരുമിച്ച് അഭിനയിച്ച ചിത്രം കൂടി ആയിരുന്നു ട്രാന്‍സ്. വിജു പ്രസാദ് എന്ന മോട്ടിവേഷനല്‍ സ്പീക്കറായി ഫഹദ് എത്തിയപ്പോള്‍ എസ്‌തേര്‍ ലോപ്പസ് എന്ന കഥാപാത്രമായാണ് നസ്രിയ എത്തിയത്.