കൊല്ലം (പുനലൂര്‍) : മൂവാറ്റുപുഴ-പുനലൂര്‍ സംസ്ഥാന ഹൈവേയില്‍ നെല്ലിപ്പള്ളിയില്‍ തകര്‍ന്ന ഗാബിയന്‍ഭിത്തി (പ്രത്യേക തരത്തിലുള്ള സംരക്ഷണിഭിത്തി) കരാറുകാര്‍ സ്വന്തം ചെലവില്‍ പുനര്‍നിര്‍മിക്കണമെന്ന് കെ.എസ്.ടി.പി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നിര്‍ദേശം നല്‍കി. ഇന്നലെ സ്ഥല പരിശോധനയ്ക്കു ശേഷം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംരക്ഷണഭിത്തിയുടെ തകര്‍ച്ചയെപ്പറ്റി കെ.എസ്.ടി.പി ചീഫ് എന്‍ജിനീയര്‍ കെ.എസ്.ലിസിക്ക് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കല്ലടയാറ്റിലെ കുത്തൊഴുക്കിന്റെ തീവ്രതയാണ് ഭിത്തി തകരാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഇത്രയും ഗൗരവമേറിയ സംഭവമായിട്ടും വകുപ്പുമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. എറണാകുളത്ത് ചെറിയ റോഡുകള്‍ തകര്‍ന്നാല്‍ പോലും വകുപ്പുമന്ത്രി ഇടപെടുമ്പോള്‍ പുനലൂരിലെ സംരക്ഷണഭിത്തി തകര്‍ന്നപ്പോള്‍ മന്ത്രിയുടെ ഇടപെടല്‍ ഇല്ലത്രെ! ഇത് കെ. എസ്. ടി. പി.യിലെ ഉന്നത ഉദ്യോഗസ്ഥനും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണെന്നും പറച്ചിലുണ്ട്.
പുതിയ ഡിസൈന്‍ പ്രകാരമാവും സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കുക. കല്ലടയാറ്റില്‍ കുത്തൊഴുക്ക് ഉണ്ടാകുമ്പോഴും പരപ്പാര്‍ ഡാമില്‍ നിന്നു കൂടുതല്‍ വെള്ളം ഒഴുക്കുമ്പോഴും ഉണ്ടാകുന്ന തീവ്രത നിലവില്‍ കേന്ദ്ര ജലവിഭവ വകുപ്പിന്റെ ഒരു ഏജന്‍സി കഴിഞ്ഞ ഒന്നര വര്‍ഷമായി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഏജന്‍സികളില്‍ നിന്നുളള വിവര ശേഖരണത്തന്റെ അടിസ്ഥാനത്തിലാവും പുതിയ ഡിസൈന്‍ തീരുമാനിക്കുക.
70 മീറ്റര്‍ നീളവും 9 മീറ്റര്‍ ഉയരവുമുള്ള ഭിത്തി 40 മീറ്റര്‍ ദൂരത്തിലാണ് പൂര്‍ണമായി തകര്‍ന്ന് കല്ലടയാറ്റിലേക്ക് പതിച്ചത്. കെഎസ്ടിപി സൂപ്രണ്ടിങ് എന്‍ജിനീയര്‍ എന്‍.ബിന്ദുവിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തുകയും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
ഗാബിയന്‍ ഭിത്തി തകര്‍ന്നത് സംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങളും മണ്ണ് പരിശോധന അടക്കമുള്ള നടപടികളും തുടര്‍ന്ന് ഉണ്ടാകും. ഡിസൈനിന് അംഗീകാരം ലഭിക്കുകയും നിര്‍മാണ സാമഗ്രികള്‍ യഥാസമയം ലഭിക്കുകയും ചെയ്താല്‍ നാല് മാസം കൊണ്ട് പുനര്‍നിര്‍മാണംനടത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മേഖലയില്‍ റെയില്‍വേയിലും ദേശീയപാതയിലും ഗാബിയന്‍ ഭിത്തി നിര്‍മിച്ചിരുന്നെങ്കിലും തകര്‍ച്ച ഉണ്ടായത് ഇത് ആദ്യമാണ്. പുനലൂര്‍ മേഖലയില്‍ കൊല്ലം തിരുമംഗലം ദേശീയപാതയുടെ വശം 8 വര്‍ഷം മുന്‍പ് വാളക്കോട് ഭാഗത്ത് തകര്‍ന്നിടത്ത് 60 മീറ്ററോളം ദൂരത്തില്‍ ഗാബിയന്‍ ഭിത്തി നിര്‍മിച്ചിരുന്നു. ഗേജ് മാറ്റത്തിന്റെ ഭാഗമായി തെന്മല, ആര്യങ്കാവ് പഞ്ചായത്ത് മേഖലകളിലും ഈ നിര്‍മാണം നടത്തിയിരുന്നു.