മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചതായി സൂചനയില്ല: ഇന്‍ഡിഗോ വൃത്തങ്ങള്‍

0 second read

ന്യൂഡല്‍ഹി: കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തേക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്രചെയ്ത ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച സമയത്ത് വിമാനത്തിന്റെ വാതില്‍ തുറന്നിരുന്നുവെന്ന് റിപ്പോര്‍ട്ട്. വിമാനം പറത്തിയ പൈലറ്റ് ഇന്‍ഡിഗോ അധികൃതര്‍ക്കു കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

വാതില്‍ തുറന്നിരുന്നുവെന്ന് വ്യക്തമായതോടെ, പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച കുറ്റത്തിന്റെ കാഠിന്യം കുറയുമെന്നാണു സൂചന. വാതില്‍ തുറന്ന ശേഷം യാത്രക്കാര്‍ അപമര്യാദയായി പെരുമാറിയാല്‍ വിമാനവുമായി ബന്ധപ്പെട്ട നിയമങ്ങളല്ല, പകരം വിമാനത്താവളത്തിലെ നടപടികളാണു ബാധകമാവുക. വിമാനത്തിന്റെ പിന്നിലെ വാതിലിനു തൊട്ടടുത്താണു മുഖ്യമന്ത്രി ഇരുന്നത്. പ്രവര്‍ത്തകരുടെ പ്രതിഷേധം ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണുണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമാനം നിലത്തിറക്കിയതിനു പിന്നാലെ സീറ്റ് ബെല്‍റ്റ് ഊരാന്‍ അനുവദിച്ചുള്ള സന്ദേശം നല്‍കി. പിന്നാലെ വാതില്‍ തുറക്കാന്‍ കാബിന്‍ ക്രൂവിനു നിര്‍ദേശം നല്‍കി. വാതില്‍ തുറന്ന ശേഷമായിരുന്നു പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളി. ഇവരെ ശാന്തരാക്കാന്‍ കാബിന്‍ ക്രൂ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

പ്രതിഷേധം നടക്കുന്ന സമയത്ത് മുഖ്യമന്ത്രി വിമാനത്തിലുണ്ടായിരുന്നോ എന്ന കാര്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചതായി സൂചനയില്ലെന്ന് ഇന്‍ഡിഗോ വൃത്തങ്ങള്‍ പറഞ്ഞു. വലിയ വാര്‍ത്താപ്രാധാന്യം നേടിയ വിഷയം രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് ഇന്‍ഡിഗോയുടെ പ്രതീക്ഷ. ചട്ടം നോക്കുകയാണെങ്കില്‍ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരേക്കാള്‍ അവരെ തള്ളി താഴെയിട്ട എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രവൃത്തിയാണ് ഗൗരവമേറിയതെന്ന് ഇന്‍ഡിഗോ വൃത്തങ്ങള്‍ പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…