ബെയ്ജിങ് :മാര്‍ച്ചില്‍ 132 പേരുടെ മരണത്തിനിടയാക്കിയ ചൈന ഈസ്റ്റേണ്‍ വിമാനദുരന്തത്തിനു പിന്നില്‍ അപകടസമയത്ത് കോക്പിറ്റിനുള്ളില്‍ ഉണ്ടായിരുന്ന ഒരാളാണെന്ന് ബ്ലാക്‌ബോക്‌സ് പരിശോധന നടത്തിയ യുഎസ് അന്വേഷകരുടെ പ്രാഥമിക റിപ്പോര്‍ട്ട്.
വിമാനത്തിന് തകരാറുകളൊന്നും ഉണ്ടായിരുന്നില്ല. ആശയവിനിമയ സംവിധാനവും ഭദ്രമായിരുന്നു. പറന്നുകൊണ്ടിരുന്ന വിമാനം 29,000 അടി ഉയരത്തില്‍ നിന്നു പെട്ടെന്നു താഴേക്കു പതിച്ചത് പൈലറ്റ് അല്ലെങ്കില്‍ അപ്പോള്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായിരുന്ന മറ്റൊരാളുടെ ഇടപെടല്‍ മൂലമാണ്. വിമാനം മൂക്കുകുത്തി താഴേക്കു പതിക്കത്തക്കവിധം പൈലറ്റ് ഇടപെടല്‍ നടത്തിയത് ബ്ലാക് ബോക്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പൈലറ്റ് സ്വയം ചെയ്തതോ മറ്റാരുടെയെങ്കിലും നിര്‍ദേശപ്രകാരം ചെയ്തതോ ആകാം. താഴേക്കു കുതിച്ച വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ച മറ്റു വിമാനങ്ങളുടെയും എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെയും സന്ദേശങ്ങള്‍ അവഗണിച്ചത് അപകടം ബോധപൂര്‍വമായിരുന്നു എന്നതിന്റെ തെളിവാണെന്നും യുഎസ് അന്വേഷകര്‍ പറയുന്നു.
കണ്ടെത്തലിനോടു ചൈന പ്രതികരിച്ചിട്ടില്ല. അതേസമയം, കണ്ടെത്തല്‍ സത്യമാകാന്‍ ഒരു സാധ്യതയുമില്ലെന്നു ചൈന ഈസ്റ്റേണ്‍ പ്രതികരിച്ചു.
മാര്‍ച്ച് 21നാണ് ബോയിങ് 737-800 മോഡല്‍ വിമാനം ദക്ഷിണ ചൈനയിലെ കുന്നിന്‍ചെരിവില്‍ തകര്‍ന്നുവീണത്. 123 യാത്രക്കാരടക്കം 132 പേരാണ് മരിച്ചത്.