മസ്‌കത്ത്: ഇന്ത്യന്‍ വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് ആറ് ഇന്ത്യന്‍ ഏജന്‍സികള്‍ വഴി മാത്രമാണ് അനുമതിയുള്ളതെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. അംഗീകൃത ഏജന്‍സികള്‍ വഴി അല്ലാതെ തൊഴിലാളികളെ നിയമിക്കുന്നവര്‍ 1100 റിയാലിന്റെ ബാങ്ക് ഗ്യാരന്റിയും ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള എന്‍ഒസിയും ഹാജരാക്കണം. 2015 മുതല്‍ പ്രാബല്യത്തിലുള്ള ഇ- മൈഗ്രേറ്റ് സംവിധാനത്തിലെ നടപടികള്‍ പൂര്‍ണമായും പാലിക്കണമെന്നും എംബസി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.
തൊഴിലാളികളെ റിക്രൂട്ട്മെന്റ് നടത്തുന്നതിന് ആറ് ഏജന്‍സികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. നോര്‍ക്ക റൂട്ടസ്, ഓവര്‍സീസ് ഡവലപ്മെന്റ് ആന്റ് എംപ്ലോയ്മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്സ് എന്നിവയാണ് കേരളത്തില്‍ നിന്നുള്ളവ. തമിഴ്നാട് സര്‍ക്കാറിന് കീഴിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ഉത്തര്‍പ്രദേശ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍, ഓവര്‍സീസ് മാന്‍പവര്‍ കമ്പനി ആന്ധ്രപ്രദേശ് ലിമിറ്റഡ്, തെലങ്കാന ഓവര്‍സീസ് മാന്‍പവര്‍ കമ്പനി ലിമിറ്റഡ് എന്നിവയാണ് മറ്റു ഏജന്‍സികള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് എംബസിയിലെ കമ്യൂണിറ്റി വെല്‍ഫയര്‍ വിഭാഗം അറ്റാഷെ സാലിമത്തിനെ ബന്ധപ്പെടാവുന്നതാണ്. നിയപരമായ രീതിയില്‍ മാത്രമെ ഇന്ത്യന്‍ തൊഴിലാളികളെ വീട്ടുജോലിക്ക് നിയമിക്കാവൂയെന്നും എംബസി ആവശ്യപ്പെട്ടു.