യുക്രെയ്‌നില്‍ ബലാത്സംഗത്തിന് ഇരകളായവരില്‍ പുരുഷന്‍മാരും ആണ്‍കുട്ടികളുമുണ്ടെന്നു പുതിയ വെളിപ്പെടുത്തല്‍

17 second read

കീവ്: യുക്രെയ്‌നില്‍ കടന്നുകയറിയ റഷ്യന്‍ സൈനികര്‍ യുക്രെയ്ന്‍ സ്ത്രീകളെ വ്യാപകമായി ബലാത്സംഗത്തിന് ഇരകളാക്കിയെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ബലാത്സംഗത്തിന് ഇരകളായവരില്‍ പുരുഷന്‍മാരും ആണ്‍കുട്ടികളുമുണ്ടെന്നു പുതിയ വെളിപ്പെടുത്തല്‍. ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയും യുക്രെയ്ന്‍ അധികൃതരും വെളിപ്പെടുത്തി. പുരുഷന്‍മാരും ആണ്‍കുട്ടികളും ലൈംഗിക പീഡനത്തിന് ഇരകളായ സംഭവത്തില്‍ ഇതുവരെ പുറത്തുവന്നത് ‘മഞ്ഞുമലയുടെ അറ്റം’ മാത്രമാണെന്ന ആശങ്കയും അധികൃതര്‍ പങ്കുവച്ചു.

‘ഇതുമായി ബന്ധപ്പെട്ട ചില പരാതികള്‍ ലഭിച്ചിട്ടുണ്ട്. പുരുഷന്‍മാരും ആണ്‍കുട്ടികളും ലൈംഗിക പീഡനത്തിന് ഇരകളായതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കാനായിട്ടില്ല’ – യുദ്ധമേഖലകളിലെ ലൈംഗിക പീഡനങ്ങള്‍ക്കെതിരായ ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക പ്രതിനിധി പ്രമീല പാറ്റേണിനെ ഉദ്ധരിച്ച് ദ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളെ അപേക്ഷിച്ച് ലൈംഗിക പീഡനത്തിന് ഇരയായ കാര്യം പുറത്തുപറയാന്‍ പുരുഷന്‍മാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് പ്രമീല ചൂണ്ടിക്കാട്ടി.

”ഭയവും മാനഹാനിയും നിമിത്തം ലൈംഗിക പീഡനത്തിന് ഇരയായ വിവരം പുറത്തുപറയാന്‍ സ്ത്രീകളും പെണ്‍കുട്ടികളും വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. പുരുഷന്‍മാരുടെയും ആണ്‍കുട്ടികളുടെയും കാര്യത്തില്‍ പീഡന വിവരം പുറത്തുപറയാന്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ടുതന്നെ യുദ്ധഭൂമിയില്‍ നേരിട്ട ലൈംഗിക പീഡനത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സഹായിക്കുന്ന തരത്തിലുള്ള അന്തരീക്ഷം നമ്മള്‍ അത്തരക്കാര്‍ക്കായി സൃഷ്ടിക്കേണ്ടതുണ്ട്’ – പ്രമീല ചൂണ്ടിക്കാട്ടി.

ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളും പരാതികളും ‘മഞ്ഞുമലയുടെ അറ്റം’ മാത്രമാണെന്ന ആശങ്കയും പ്രമീല പങ്കുവച്ചു. ഇക്കാര്യത്തില്‍ യാതൊരു മടിയും വിചാരിക്കാതെ നേരിട്ട ദുരനുഭവം പുറത്തറിയിക്കാന്‍ ഇരകളാക്കപ്പെട്ടവരോട് പ്രമീല നിര്‍ദ്ദേശിച്ചു. മാത്രമല്ല, കുറ്റക്കാരെ കണ്ടെത്തി കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാന്‍ അവര്‍ ലോക രാജ്യങ്ങളോടും ആവശ്യപ്പെട്ടു.

റഷ്യന്‍ കടന്നാക്രമണത്തിനിടെ ലൈംഗിക പീഡനത്തിന് ഇരകളായ വിവിധ പ്രായക്കാരായ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും കുട്ടികളുടെയും വിശദാംശങ്ങള്‍ ശേഖരിച്ചതായി യുക്രെയ്ന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഐറിന വെനെഡിക്ടോവ വ്യക്തമാക്കി. പൊതുജനങ്ങളെ ഭയപ്പെടുത്താനുള്ള മാര്‍ഗമായിട്ടാണ് റഷ്യന്‍ സൈനികര്‍ വ്യാപകമായി ലൈംഗിക പീഡനം നടത്തിയതെന്നും ഐറിന ആരോപിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …