യുക്രെയ്‌നിന്റെ തലസ്ഥാനമായ കീവ് ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലെല്ലാം തീമഴ പെയ്യിച്ച് റഷ്യ ആക്രമണം

0 second read

കീവ്: യുക്രെയ്‌നിന്റെ തലസ്ഥാനമായ കീവ് ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലെല്ലാം തീമഴ പെയ്യിച്ച് റഷ്യ ആക്രമണം തീവ്രമാക്കി. കീവില്‍ 25 നില അപ്പാര്‍ട്‌മെന്റ് സമുച്ചയത്തിന്റെ താഴത്തെ 2 നിലകള്‍ തകര്‍ത്ത മിസൈല്‍ ആക്രമണത്തില്‍ പ്രാഗ് ആസ്ഥാനമായുള്ള റേഡിയോ ലിബര്‍ട്ടിയുടെ ജേണലിസ്റ്റ് വീര ഹൈറിച്ച് കൊല്ലപ്പെട്ടു. 10 പേര്‍ക്കു പരുക്കേറ്റു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കീവ് സന്ദര്‍ശിക്കുന്നതിനിടെയാണ് രണ്ടിടത്ത് മിസൈല്‍ ആക്രമണം ഉണ്ടായത്.

മരിയുപോളിലും ഡോണെറ്റ്‌സ്‌കിലും പൊളോണിലും ചെര്‍ണിഹീവിലും കനത്ത ആക്രമണം തുടരുന്നു. വന്‍ നാശമുണ്ടായതായി സമ്മതിച്ച യുക്രെയ്ന്‍ പ്രതിരോധ മന്ത്രി ഒലെക്‌സി റെസിനോവ് റഷ്യയുടെ നഷ്ടം അതിഭീമമാണെന്ന് പറഞ്ഞു. കൂടുതല്‍ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും നിയന്ത്രണം നഷ്ടമായതായും യുക്രെയ്ന്‍ അറിയിച്ചു. കരയിലൂടെയുള്ള മുന്നേറ്റം തടസ്സപ്പെട്ടതോടെയാണ് റഷ്യ വ്യോമാക്രമണം രൂക്ഷമാക്കിയത്.

റഷ്യയെ ചെറുക്കാന്‍ നാറ്റോ മാരകശേഷിയുള്ള കൂടുതല്‍ പടക്കോപ്പുകള്‍ യുക്രെയ്‌നിനു ലഭ്യമാക്കി. ആയിരക്കണക്കിനു നാറ്റോ സൈനികര്‍ ഫിന്‍ലന്‍ഡ്, പോളണ്ട്, നോര്‍ത്ത് മാസിഡോണിയ, എസ്‌തോണിയ, ലാത്വിയ അതിര്‍ത്തിയിലേക്കു നീങ്ങി. ഫിന്‍ലന്‍ഡിനും സ്വീഡനും ഉടന്‍ അംഗത്വം നല്‍കാനും നാറ്റോ തീരുമാനിച്ചിട്ടുണ്ട്. യുക്രെയ്‌നിനു 3350 കോടി ഡോളറിന്റെ സൈനികസഹായം നല്‍കാനുള്ള നിര്‍ദേശത്തിന് യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കി. ഇതില്‍ 2000 കോടി ഡോളറിന്റെ ആയുധങ്ങളാണ്. യുദ്ധമേഖലയിലേക്ക് ഏകോപനത്തിന് സൈനിക വിദഗ്ധരെ അയയ്ക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു.

കീവിലെ ആയുധ ശാലയ്ക്കും മിസൈല്‍ കേന്ദ്രത്തിനും നേരെയാണ് ആക്രമണം നടത്തിയതെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ഡോണ്‍ബാസിലെ ലുഹാന്‍സ്‌ക് മേഖലയില്‍ ജനവാസകേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക ഗവര്‍ണര്‍ അറിയിച്ചു. മരിയുപോളിലെ സ്റ്റീല്‍ കോംപ്ലെക്‌സില്‍ കുടുങ്ങിയ ആയിരത്തോളം പേരെ ഒഴിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല. ഇതേസമയം, റഷ്യയെ യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ നിന്നു പുറത്താക്കണമെന്ന പ്രമേയത്തില്‍ യുഎന്‍ പൊതുസഭ മേയ് 11ന് വോട്ടെടുപ്പ് നടത്തും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…