കെ-റെയില്‍ പദ്ധതിയെ അനുകൂലിച്ചുള്ള സി.പി.ഐ.യുടെ നിലപാടിനെ ചോദ്യംചെയ്ത് മുതിര്‍ന്ന നേതാക്കളുടെ മക്കള്‍

4 second read

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയെ അനുകൂലിച്ചുള്ള സി.പി.ഐ.യുടെ നിലപാടിനെ ചോദ്യംചെയ്ത് മുതിര്‍ന്ന നേതാക്കളുടെ മക്കള്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തുനല്‍കി. മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്‍, എം.എന്‍. ഗോവിന്ദന്‍ നായര്‍ എന്നിവരുടെ മക്കളടങ്ങുന്ന 21 പേരാണ് കത്തില്‍ ഒപ്പിട്ടത്. കെ-റെയില്‍പോലുള്ള ജനവിരുദ്ധ കാര്യങ്ങളില്‍ തുറന്നുപറയാന്‍ പാര്‍ട്ടി തയ്യാറാകണമെന്നാണ് കത്തിലെ ആവശ്യം. പ്രതീക്ഷയോടെകണ്ട സി.പി.ഐ.യുടെ വര്‍ത്തമാനകാല അവസ്ഥയെക്കുറിച്ചുള്ള ആശങ്കകൊണ്ടാണ് ഇങ്ങനെയൊരു കത്തെഴുതുന്നതെന്ന ആമുഖത്തോടെയാണ് തുടങ്ങുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിലും നിര്‍ണായമായ പലപ്രശ്‌നങ്ങളിലും എതിര്‍പ്പ് രേഖപ്പെടുത്തേണ്ട സമയത്ത് അത് ചെയ്യാന്‍ സി.പി.ഐ. തയ്യാറായിട്ടുണ്ട്.

ലോകായുക്ത നിയമഭേദഗതിലെ നിലപാട് ശരിയുടെ ഭാഗത്തുള്ള നില്‍പ്പായി ഞങ്ങള്‍ കാണുന്നു. ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളുടെ കാര്യത്തില്‍ സത്യസന്ധവും ഉചിതവുമായ നിലപാടെടുക്കുന്നതാണ് സി.പി.ഐ.യുടെ പൈതൃകം. എന്നാല്‍, കെ-റെയിലിന്റെ കാര്യത്തില്‍ സി.പി.ഐ.യുടെ നിലപാട് മനസ്സിലാക്കാനാകുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം സി.പി.ഐ.യ്‌ക്കൊപ്പംനിന്ന നേതാക്കള്‍ക്ക് പൊതുകാര്യങ്ങളില്‍ ഉറച്ചനിലപാടുണ്ടായിരുന്നു. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് സൈലന്റ് വാലി പദ്ധതിയില്‍ പാര്‍ട്ടി നിലപാട് സുവ്യക്തമായിരുന്നു. ഇപ്പോള്‍ സാധാരണക്കാരായ ബഹുഭൂരിപക്ഷം ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന കെ-റെയില്‍ പദ്ധതിവരുമ്പോള്‍ ഒരു ചര്‍ച്ചയുംകൂടാതെയെടുക്കുന്ന നിലപാടിനോട് യോജിക്കാനാവുന്നില്ല. ജനകീയവികാരം അവഗണിച്ചുള്ള സി.പി.എം. നിലപാടിനോട് ഒപ്പംനില്‍ക്കേണ്ട ബാധ്യത സി.പി.ഐ.ക്കില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നെന്ന് കത്തില്‍ ഓര്‍മിപ്പിക്കുന്നു.
ജനവിരുദ്ധമായ പദ്ധതികളില്‍ അക്കാര്യം തുറന്നുപറഞ്ഞ് വിയോജിക്കാന്‍ തയ്യാറാവണം. ഞങ്ങളുടെ മാതാപിതാക്കളടക്കം പതിനായിരങ്ങള്‍ അവരുടെ ജീവന്‍കൊടുത്ത് വളര്‍ത്തിയ പ്രസ്ഥാനം, അതിന്റെ രാഷ്ട്രീയപാരമ്പര്യത്തോടെ മുന്‍പന്തിയില്‍ നില്‍ക്കണം. കെ-റെയിലിനെ പിന്തുണയ്ക്കുന്നതിനുമുമ്പ് ഡി.പി.ആര്‍. പഠിക്കാന്‍ എല്ലാവരും തയ്യാറാകണം. വിദഗ്ധരെ പങ്കെടുപ്പിച്ച് ചര്‍ച്ചനടത്തണമെന്നും കത്തില്‍ പറയുന്നു. മുന്‍മുഖ്യമന്ത്രി സി. അച്യുതമേനോന്‍, കെ. ദാമോദരന്‍, എം.എന്‍. ഗോവിന്ദന്‍ നായര്‍, എന്‍.ഇ. ബല്‍റാം, ശര്‍മാജി, സി. ഉണ്ണിരാജ, കെ. ഗോവിന്ദപിള്ള, റോസമ്മ പുന്നൂസ്, കെ. മാധവന്‍, മുന്‍ മന്ത്രി പി. രവീന്ദ്രന്‍, പവനന്‍, വി.വി. രാഘവന്‍, പുതുപ്പള്ളി രാഘവന്‍, കാമ്പിശ്ശേരി കരുണാകരന്‍ എന്നിവരുടെ മക്കളാണ് കത്തില്‍ ഒപ്പിട്ടിട്ടുള്ളത്. ഈ കത്തിനെ അനുകൂലിച്ച് ഒപ്പിട്ടവര്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കംതൊട്ട് ദീര്‍ഘകാലം ഈ പ്രസ്ഥാനത്തെ സേവിച്ചവരുടെ മക്കളാണെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് അവസാനിപ്പിക്കുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…