എന്‍സിപിയില്‍ നിന്ന് രാജി വച്ച് കരിമ്പനാക്കുഴി ശശിധരന്‍ നായരും സംഘവും കേരളാ കോണ്‍ഗ്രസ് ബിയില്‍: പ്രവര്‍ത്തന പാരമ്പര്യം മുതല്‍ക്കൂട്ടാകുമെന്ന് പികെ ജേക്കബ്

0 second read

പത്തനംതിട്ട: ജില്ലയില്‍ എന്‍.സി.പി പിളര്‍ന്നു. മുന്‍ ജില്ലാ പ്രസിഡന്റും നിലവില്‍ പാര്‍ട്ടി അച്ചടക്ക സമിതിയംഗവുമായ കരിമ്പനാക്കുഴി ശശിധരന്‍ നായര്‍ അടക്കം നൂറോളം പ്രവര്‍ത്തകര്‍ രാജി വച്ച് കേരളാ കോണ്‍ഗ്രസ് ബിയില്‍ ചേര്‍ന്നു.

രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് കരിമ്പനാക്കുഴി പാര്‍ട്ടി വിടുന്നത്. ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും തന്നെ നീക്കിയ ശേഷം പുതിയ ഭാരവാഹിത്വം ഒന്നും നല്‍കിയിരുന്നില്ല. ജില്ലയില്‍ പ്രവര്‍ത്തനം നിര്‍ജീവമായ സാഹചര്യത്തില്‍ പാര്‍ട്ടി വിടുന്നതിനെപ്പറ്റി ആലോചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അച്ചടക്ക സമിതിയംഗമാക്കി നിയമിച്ചത്. തന്നോട് ആരും അഭിപ്രായം ചോദിച്ചില്ല. ഇങ്ങനെ ഒരു ഭാരവാഹിത്വം ലഭിച്ചെന്ന് അറിഞ്ഞതു പോലും വാട്സാപ്പ് ഗ്രൂപ്പില്‍ വന്ന സന്ദേശം മറ്റൊരാള്‍ കാണിച്ചപ്പോഴാണ്. പാര്‍ട്ടി വിടാന്‍ തീരുമാനിച്ച വിവരം അറിഞ്ഞ് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയും ലതിക സുഭാഷും നിരവധി തവണ വിളിച്ചിരുന്നു. എന്നാല്‍, താന്‍ അവരോട് പ്രതികരിക്കാന്‍ തയാറായില്ലെന്നും ശശിധരന്‍ നായര്‍ പറഞ്ഞു.

നിലവില്‍ എന്‍.സി.പി നേതൃത്വം സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നേതൃത്വം എല്‍.ഡി.എഫിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരായ സമീപനമാണ് സ്വീകരിക്കുന്നത്.
പുതിയ നേതൃത്വം എന്‍.സി.പിയെ ഹൈജാക്ക് ചെയ്തു. സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പ്രസിഡന്റാണ് കരിമ്പനാക്കുഴി ശശിധരന്‍ നായരെന്ന് പുകഴ്ത്തിയതിന് പിന്നാലെയാണ് തന്നെ മാറ്റി മറ്റൊരു പാര്‍ട്ടിയില്‍ നിന്ന് വന്നയാള്‍ക്ക് പ്രസിഡന്റ് സ്ഥാനം നല്‍കിയത്. പാര്‍ട്ടിക്കു വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്നവരെ അവഗണിക്കുന്ന സമീപനമാണുള്ളത്.

കരിമ്പനാക്കുഴിക്ക് പുറമേ ന്യൂനപക്ഷ സെല്‍ ജില്ലാ പ്രസിഡന്റ് ടോം ജേക്കബ്, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അനീഷ് ജോണ്‍, അടൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.ആര്‍. ഗോപാലകൃഷ്ണക്കുറുപ്പ്, ന്യൂനപക്ഷ സെല്‍ റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് റോബി സി. ജോര്‍ജ്, കോന്നി മണ്ഡലം പ്രസിഡന്റ് എ.വി. ജോര്‍ജ്, കലഞ്ഞൂര്‍ മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍, അരുവാപ്പുലം മണ്ഡലം പ്രസിഡന്റ് ആര്‍. രവീന്ദ്രന്‍ നായര്‍, പെരിങ്ങനാട് മണ്ഡലം പ്രസിഡന്റ് സന്തോഷ്‌കുമാര്‍, റാന്നി മുന്‍ ബ്ലോക്ക് പ്രസിഡന്റ് എ.ജി. വേണുഗോപാല്‍ എന്നിവരാണ് രാജി വച്ച മറ്റുള്ളവര്‍.

കെ.ബി. ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളാ കോണ്‍ഗ്രസ് ബി യിലേക്ക് അടുത്ത കാലത്തായി മറ്റ് പാര്‍ട്ടികളില്‍ നിന്നും നിരവധി പ്രവര്‍ത്തകരാണ് കടന്നു വരുന്നതെന്നും എന്‍.സി.പിയില്‍ നിന്നെത്തിയ നേതാക്കളുടെ പ്രവര്‍ത്തന പാരമ്പര്യം പാര്‍ട്ടിക്ക് മുതല്‍കൂട്ടാവുമെന്നും ജില്ലാ പ്രസിഡന്റ് പി.കെ. ജേക്കബ് പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…