റിയാദ്: ഭീകരതയ്ക്കും തീവ്രവാദത്തിനും എതിരെ സൗദി അറേബ്യ നടത്തുന്ന പോരാട്ടത്തെ ആര്‍ക്കും തടയാനാകില്ലെന്നു കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. റിയാദില്‍ നടന്ന ആഗോള നിക്ഷേപക ഉച്ചകോടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മധ്യപൗരസ്ത്യദേശമായിരിക്കും പുതിയ യൂറോപ്പ്.
ഈ ലക്ഷ്യം നൂറു ശതമാനവും സാക്ഷാല്‍ക്കരിക്കുമെന്നും പറഞ്ഞു. നജ്ദിലെ തുവൈഖ് പര്‍വതത്തിനു സമാനമായ സൗദികളുടെ നിശ്ചയദാര്‍ഢ്യം ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്നും കിരീടാവകാശി വ്യക്തമാക്കി. സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട് വലിയ ചുവടുവയ്പുകള്‍ സൗദി അറേബ്യ നടത്തിയിട്ടുണ്ട്. മൂന്നു വര്‍ഷത്തിനിടെ സാമ്പത്തിക മേഖലയില്‍ വലിയ കുതിച്ചുചാട്ടമുണ്ടായി.
പെട്രോളിതര മേഖലയില്‍ നിന്നുള്ള വരുമാനം മൂന്നിരട്ടി വര്‍ധിച്ചു. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ നിക്ഷേപം 2020ല്‍ 60,000 കോടി ഡോളറായി ഉയരും. 2030ല്‍ ഇതു രണ്ടു ട്രില്യന്‍ ഡോളറിനു മുകളിലേക്ക് ഉയരുമെന്നും പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സമഗ്ര മാറ്റമാണു സൗദിയില്‍ പ്രകടമാകുകയെന്നും വെളിപ്പെടുത്തി.